കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 29 പവന്‍ സ്വര്‍ണവുമായിവന്ന ഒരാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് സലാല വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി അഷ്‌റഫ് ബെന്‍ദാദ് (47)ആണ് പിടിയിലായത്.


ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ച നിലയിലായിരുന്നു അഷ്‌റഫ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 232 ഗ്രാം ഏതാണ്ട് 7.28 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നലെ പിടികൂടിയത്.