തിരുവനന്തപുരം: ഒരുതുണ്ട് ഭൂമിയെങ്കിലും കൈയേറുകയോ നിയമംലംഘിക്കുകയോ ചെയ്‌തെന്ന് തെളിയിച്ചാല്‍ ആ നിമിഷം മന്ത്രിസ്ഥാനവും എംഎല്‍എസ്ഥാനവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കാമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന് കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി നിലം നികത്തിയെന്ന് കണ്ടെത്തിയ ഇടക്കാല റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കലക്ടര്‍ കൈമാറി. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ പാര്‍ക്കിങ് സ്ഥലം കായല്‍ ഭൂമിയിലാണെന്ന് സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി. കായലില്‍ മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാണ്ടി കായല്‍ കൈയേറിയെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതിനിടെ തോമസ് ചാണ്ടിയുടെ മാത്തൂര്‍ ദേവസ്വം ഭൂമി ഇടപാടിനെതിരെ നടപടിയെടുക്കാൻ ലാൻറ് ബോര്‍ഡ് സെക്രട്ടറിയോട് റവന്യൂമന്ത്രി നിര്‍ദേശിച്ചു


മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടിയും കുടുംബവും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുത്ത് അറിയിക്കാൻ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യു മന്ത്രി നിര്‍ദേശം നല്‍കി. വ്യാജ പവര്‍ അറ്റോര്‍ണി അടക്കം ഉപയോഗിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് ലാന്‍റ് ട്രൈബ്യൂണൽ അപ്പലേറ്റ് കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതര്‍ ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കൈയേറിയ ഭൂമി കണ്ടെത്തി തിരികെ നല്‍കണമെന്ന് ലാന്‍ഡ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ സ്വാധീനത്താല്‍ വിധി നടപ്പിലാക്കാന്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഇതുവരെയും കൂട്ടാക്കിയിരുന്നില്ല. ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിയും കൂട്ടരും നടത്തിയ നിയമലംഘനം നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്.