ഇന്ന് വിജയദശമി; അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് കുരുന്നുകള്‍
വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്‍റെ ലോകത്തേക്ക് കടക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്‍റെ ലോകത്തേക്ക് പിച്ചവയ്ക്കും. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് മിക്ക ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, ആറ്റുകാല്‍ ക്ഷേത്രത്തിലും അതിരാവിലെ മുതൽ വലിയ തിരക്കാണ്. മാത്രമല്ല വിവിധയിടങ്ങളില്‍ പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രം, ഗുരുവായൂര്‍, ശ്രീവടക്കുന്നാഥന്‍, ഊരകത്തമ്മ തിരുവടി, പാറമേക്കാവ്, തിരുവമ്പാടി, കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം, കൊടുങ്ങല്ലൂര്‍,ചോറ്റാനിക്കര,പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. ക്ഷേത്രങ്ങളില്‍ തിരക്ക് പരിഗണിച്ച് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി നടന്ന രഥോല്‍സവവേളയില്‍ ക്ഷേത്രം ജനസാഗരമായി.
മഹാനവമിയായിരുന്ന നാളായിരുന്ന ഇന്നലെയും ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കായിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും പ്രഭാഷണങ്ങളും നടന്നു.