കാക്കനാട്: ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ 2016-17 അധ്യയന വര്‍ഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡി വിതരണം കാക്കനാട് ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കുകള്‍ വായ്പ നല്‍കുകയും നിക്ഷേപം നടത്തുകയും ചെയ്താല്‍ മതിയെന്ന നിര്‍ബന്ധം കേരളത്തില്‍ നടപ്പാകില്ല. നോട്ട് നിരോധനത്തിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും നോട്ട് നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സഹകരണ മേഖല പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നതാണ് കാണുന്നത്. 
പ്രാദേശികമായ സഹകരണവും നിരവധി സേവന പ്രവര്‍ത്തനങ്ങളും സഹകരണ സംഘങ്ങള്‍ നടത്തി വരുന്നു. ഇതിനെല്ലാം മേലേ സുശക്തമായ സംവിധാനമായി സഹകരണ പ്രസ്ഥാനം നിലനില്‍ക്കണം. കേരള ബാങ്കിന്റെ രൂപീകരണം ലക്ഷ്യമിടുന്നതിതാണ്. പ്രവാസികളുടെ നിക്ഷേപം കേരള ബാങ്കില്‍ നടത്തിയാല്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. അത് സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. 


പക്ഷേ കേരള ബാങ്ക് മറ്റു ബാങ്കുകളോട് മത്സരിക്കേണ്ടി വരുമ്പോള്‍ കാര്യക്ഷമതയും ഉത്പാദന ക്ഷമതയും ഉറപ്പാക്കണം. ഇത് പല സഹകരണ സംഘം ജീവനക്കാര്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല. സഹകരണ മേഖലയില്‍ ജോലിയും സേവന വേതന വ്യവസ്ഥയും മെച്ചപ്പെടുകയോ ഉള്ളൂ എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. സഹകരണ രംഗത്ത് വലിയ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്കിംഗ് ശൃംഖലയിലും കേരള ബാങ്ക് നിര്‍ണ്ണായക ശക്തിയാകും. 


ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ക്യാഷ് അവാര്‍ഡ് വിതരണം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാനാധിഷ്ഠിത ലോകമാണിത്. വിജ്ഞാനം പ്രത്യക്ഷ ഉത്പന്ന ഉപാധിയായി മാറുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ലോകത്തിലെ വിജയിച്ച സംരംഭകരെല്ലാം തന്നെ വിജ്ഞാനം കൈമുതലാക്കിയവരാണ്. വൈജ്ഞാനിക കഴിവുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് വളരെ പ്രധാനമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് കടം വാങ്ങുമ്പോഴും വിജ്ഞാന മേഖലയ്ക്കായി പണം നീക്കി വെക്കേണ്ടതുണ്ട്. നാളെയുടെ നന്മയ്ക്ക് ഇത് പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 


സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍, എസ്എസ്എല്‍സി, പ്ലസ്ടു, എച്ച്ഡിസി&ബിഎം, വിഎച്ച്എസ്‌സി, ജെഡിസി, ബിടെക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, എംടെക് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എഗ്രേഡ് നേടിയവര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്തത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ 150 പേര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളം 14 ജില്ലകളില്‍ ആറു കേന്ദ്രങ്ങളിലായി 1200 പേര്‍ക്കാണ് ക്യാഷ് അവാര്‍ഡുകള്‍ നല്‍കിയത്. ഒരു കോടി 20 ലക്ഷം രൂപയാണ് അവാര്‍ഡ് തുക നല്‍കുന്നത്.  


നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും എയിംസ് നടത്തിയ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 16 ാം സ്ഥാനവും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ജിപ്‌മെര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 17ാം സ്ഥാനവും നേടിയ കണ്ണൂര്‍ ജില്ലയിലെ പായം എസ്‌സിബി ജീവനക്കാരി ലിലിയ മാത്യൂസിന്റെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എംഡി ജോസഫിന്റെയും മകന്‍ ഡെറിക് ജോസഫിന് മന്ത്രി ആദ്യ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. എയിംസില്‍ പ്രവേശനം ലഭിച്ചതിനാല്‍ ഡെറിക്കിന്റെ സഹോദരന്‍ ജെറാള്‍ഡ് ജോസഫാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗം ഹരീഷ് ബാബു, സഹകാരി എം.ഇ. അസൈനാര്‍, ജില്ല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി.പി. ശശീന്ദ്രന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രതിനിധി എം.കെ. ജോര്‍ജ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ പ്രതിനിധി ഡാര്‍വിന്‍, ഭരണസമിതി അംഗം ചന്ദ്രബാബു, ജോയിന്റ് രജിസ്ട്രാര്‍ എം.എസ്.ലൈല, സെക്രട്ടറി സി.വി. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.