തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ വിജയം നേടിയപ്പോൾ മനസ്സ് കൊണ്ട് കളിക്കളം നിറഞ്ഞാടിയ ഒരു കൗമാരക്കാരനുണ്ട് തിരുവനന്തപുരം ചെങ്കൽ ചൂളയിൽ. മഞ്ഞപ്പടയുടെ ചെങ്കൽ ചങ്കായ ശ്രീക്കുട്ടൻ. ബ്ലാസ്റ്റേഴിസിന്റെ സീനിയർ ടീമിൽ ഇടം നേടിയത് മുതൽ വലിയ ആവേശത്തിലാണ് ശ്രീക്കുട്ടൻ. കഴിഞ്ഞ വർഷം മുതലാണ് ചെങ്കൽ ചൂളക്കാരുടെ ശങ്കരൻ എന്ന ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമാകുന്നത്. ഒരു വർഷം ബി ടീമിനൊപ്പം പരിശീലനം. ഇത്തവണത്തെ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എ ടീമിൽ ഇടം നേടി. ഏറെ സന്തോഷം നിറഞ്ഞ നിമിഷം. കഷ്ടപ്പാടുകൾക്ക് ഫലം കണ്ട നിമിഷം. ഈ നിമിഷത്തെ വർണ്ണിക്കാൻ ശ്രീക്കുട്ടനാവില്ല. ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി നിന്ന നിമിഷം മുതൽ സീനീയർ ടീമിൽ ഇടം പിടക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു. സഹലും, ലൂണയുമടക്കമുള്ള സീനിയർ താരങ്ങൾ നൽകിയ അറിവുകൾ, പരിശീലനസമയത്ത് പോലും വാശിയേറിയ പോരാട്ടം നടത്തുവാനുള്ള കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നിർദേശങ്ങൾ. എല്ലാം ഒത്തുചേർന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ എ ടീമിലേക്കുള്ള അവസരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീക്കുട്ടന്റെ അച്ഛൻ മണിക്കുട്ടനും ഫൂഡ്ബോൾ കളിക്കാരനാണ്. തനിക്ക് ഫുട്ബോളിലൂടെ നേടാൻ കഴിയാത്തതെല്ലാം മകനിലൂടെ നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് മണിക്കുട്ടന്. ആദ്യം ക്രിക്കറ്റായിരുന്നു ശ്രീക്കുട്ടന് ഇഷ്ടം. തന്റെ പാത പിന്തുടരാതെ ക്രിക്കറ്റിനെ ശ്രീക്കുട്ടൻ തിരഞ്ഞെടുത്തപ്പോൾ ആദ്യം സങ്കടം തോന്നി. പന്നീട് ഫുട്ബോളിനെ സ്നേഹിക്കാൻ തുടങ്ങിയതോടെ സന്തോഷമായെന്നും അച്ഛൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. പിന്നീട് മാമൻ ബൂട്ട് വാങ്ങി നൽകിയതോടെയാണ് ഫുട്ബോളിലേക്ക് തിരിയുന്നതും ബ്ലാസ്റ്റേഴ്സിന്റെ ചങ്കിൽ ഇടം നേടുന്നതും. ട്രിപ്പിള്‍ കളിച്ചാണ് തുടക്കം പിന്നീട് സെവ്ന‍സിലേക്കും ക്ലബ്ബുകളിലേക്കും മാറി. ശ്രീക്കുട്ടന് ചങ്കായി ചെങ്കൽ ചൂളയില്‍ ഉണ്ട് കുറെ ചങ്കുകള്‍. അവരാണ് എല്ലാ പിന്തുണയും സഹായവും ശ്രീയ്ക്ക് നൽകി വരുന്നത്.


Also Read: ISL : കലൂരിൽ അടിച്ചത് യുക്രൈനിയൻ മിന്നൽ ; ആവേശ ജയത്തോടെ പുതിയ സീസണിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്


 


ഇനി മുൻനിര വേട്ടക്കാരനായി ഇറങ്ങാനുള്ള കാത്തിരിപ്പാണ്. അത് ഉടൻ തന്നെ നടക്കുമെന്ന വിശ്വാസത്തിലാണ് ശ്രീക്കുട്ടൻ. ബ്ലാസ്റ്റേഴ്സ് ഇത്തവണ കപ്പ് ഉയർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീക്കുട്ടൻ. അതിന്റെ ഭാഗമായി വരും മത്സരങ്ങളിലും കളത്തിലിറങ്ങാൻ കഴിയുമെന്ന ഉറച്ച വിശ്വാസവും ശ്രീക്കുട്ടനുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാഗമാകണമെന്നാണ് ശ്രീയുടെ ഏറ്റവും വലിയ ആഗ്രഹമെന്നും ശ്രീക്കുട്ടൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. അതിനായുള്ള പ്രയത്നം ഇനിയും ഏറെ തുടരാനുണ്ട്. ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ് കേരളത്തിനായി പൊരുതാൻ ഇറങ്ങുമ്പോൾ ചെങ്കൽ ചൂളക്കാർക്ക് മാത്രമല്ല, തിരുവനന്തപുരത്തുകാർക്കും എല്ലാ മലയാളികൾക്കും അഭിമാനമാകും ശ്രീക്കുട്ടൻ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.