Kerala Budget 2023: വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് വ്യാവസായിക ഇടനാഴി; 60,000 കോടിയുടെ വികസന പദ്ധതികൾ
Vizhinjam port Industrial corridor: വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞം തുറമുഖം ഏറെ നിർണായകമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയും. സമുദ്രഗതാഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തും സമീപത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾക്കും ചരക്കുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം.
ALSO READ: Kerala Budget 2023: റബർ കർഷകരെ സംരക്ഷിക്കും; റബർ സബ്സിഡിക്ക് 600 കോടി
വിഴിഞ്ഞം തുറമുഖത്തെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത
66-ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട-മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉൾക്കൊള്ളുന്ന റിംഗ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും.
ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളും അടക്കം ടൗൺഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5000 കോടി ചിലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. വ്യാവസായിക ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കും.
സർക്കാർ, സ്വകാര്യ സംരംഭകർ, ഭൂവുടമകൾ എന്നിവർ ഉൾപ്പെടുന്ന വികസന പദ്ധതികൾ തയ്യാറാക്കും. ലാൻഡ് പൂളിംഗ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ആദ്യഘട്ടത്തിൽ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...