Covid-19 വ്യാപനം അതിരൂക്ഷം; അടുത്ത മൂന്ന് ആഴ്ച നിർണായകമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്
കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ബാക് ടു ബേസിക്സ് കാമ്പയിൻ ശക്തമാക്കും. പ്രതിദിന കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതിനാൽ സംസ്ഥാനത്ത് വരുന്ന മൂന്ന് ആഴ്ച നിർണായകമാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ബാക് ടു ബേസിക്സ് കാമ്പയിൻ ശക്തമാക്കും. കൊവിഡ് (Covid) പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ വീണ്ടും ഓർക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്കും സാമൂഹിക അകലവും പാലിക്കുന്നതും മറക്കരുത്. വായും മൂക്കും പൂർണമായും മറയുന്ന വിധത്തിൽ കൃത്യമായി മാസ്കുകൾ ധരിക്കണം. സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ALSO READ: Covid-19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
പ്രതിദിന കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ആർടിപിസിആർ (RTPCR) പരിശോധന വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം 33,699 ആർടിപിസിആർ ടെസ്റ്റ് ഉൾപ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്നവർക്ക് ഒരാഴ്ചത്തെ ക്വാറന്റൈനും നിർബന്ധമാക്കിയിട്ടുണ്ട്. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ച് രോഗം ഭേദമായത്. 89 ശതമാനം ആളുകൾക്കും കൊവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസിന് മുകളിലുള്ളവർ കഴിയുന്നതും വേഗം കൊവിഡ് വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 4,47,233 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 42,03,984 ആണ്.
ALSO READ: Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം കൊവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കും വോട്ട് ചെയ്യാൻ പോയ പൊതു ജനങ്ങൾക്കും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധനക്ക് വിധേയരാകണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും കൊവിഡ് ബാധിച്ചാൽ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാകും. അതിനാൽ തന്നെ ബാക് ടു ബേസിക്സ് കാമ്പയിൻ എല്ലാവരും ഗൗരവമായി കാണണമെന്നും ആരോഗ്യവകുപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക