Kerala flood alert updates: മൂന്ന് നദികളിൽ അതിതീവ്ര പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ
Kerala flood alert: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മൂന്ന് നദികളിൽ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് അറിയിച്ചു. മണിമല, കരമന, നെയ്യാർ നദികളിലാണ് പ്രളയസാധ്യതയുള്ളത്. തൊടുപുഴ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. നദികളിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി.
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ, പത്ത് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ ആകെ എണ്ണം പന്ത്രണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...