തിരുവനന്തപുരം: മന്ത്രിസഭ രൂപീകരിക്കാൻ സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് പിണറായി വിജയന് കേരളാ ഗവർണറുടെ ക്ഷണം. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എൽ.ഡി.എഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. കൂടാതെ, മന്ത്രിമാരുടെ വിവരങ്ങൾ കൈമാറാനും പിണറായിയോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണർക്ക് കൈമാറിയിരുന്നു . സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രൻ എം.എൽ.എ എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു..


ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം മന്ത്രിമാരുടെ വിവരങ്ങളും ഗവർണർക്ക് കൈമാറും. മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം അറിയിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.എൻ.സി.പിയുടെ മന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എ.കെ ശശീന്ദ്രൻ അറിയിച്ചു.