തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ബി കോം ബിരുദ യോഗ്യതയുള്ള ജസീലക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിരുദം അടിസ്ഥാന യോഗ്യത വേണ്ടുന്ന അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


 കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ്  ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.മദ്യപിച്ച് അമിത വേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 
നേരത്തെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ബഷീറിന്‍റെ ഭാര്യക്ക് ജോലി നല്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടിരിന്നു.