സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാൻ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പൂർണ പിന്തുണ നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരിക്കൽ ലൈസൻസ് നൽകിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തുന്നതാണ്. ലൈസൻസ് സസ്പെന്റ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നൽകുന്നത്. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാൻ സ്ഥാപനത്തിലുള്ള ഒരാൾക്ക് സൂപ്പർവൈസർ ചുമതല നൽകണം.


ഭക്ഷ്യ സുരക്ഷയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസൻസ് ഉറപ്പാക്കും. ലൈസൻസിനായി ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ആഡിറ്റോറിയത്തിലുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.


കടകൾക്ക് ലൈസൻസ് നൽകുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നൽകുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് പരിശോധനകൾ നടത്തി വരുന്നത്. പരിശീലനം, അവബോധം എന്നിവയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിലും തദ്ദേശ വകുപ്പിനോട് സഹകരണമഭ്യർത്ഥിച്ചിട്ടുണ്ട്.


ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കി വരുന്നു. പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനുള്ള മൊബൈൽ ആപ്പ് ഈ മാസം തന്നെ ലോഞ്ച് ചെയ്യുന്നതാണ്. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. സംസ്ഥാനതലത്തിൽ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നതാണ്. മൈക്രോ ബയോളജി ലാബുകളുടെ എൻഎബിഎൽ അക്രഡിറ്റേഷനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.