Thiruvananthapuram : കേരളത്തിൽ കനത്ത മഴയെ (Kerala Heavy Rain) തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടമാരുടെയും പ്രധാന വകുപ്പ് മോധാവികളുടേയും സംയുക്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാസിരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 6 ടീമുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. അതോടൊപ്പം ആര്‍മിയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടുന്നതിനായി തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. അറബിക്കടലില്‍ ഉണ്ടായിരിക്കുന്ന ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത് . പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുകയാണ്. ബുധനാഴ്ചയോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 15 ഓടെ ശക്തിപ്രാപിച്ച് ആന്ധ്ര-ഒഡിഷ തീരത്തെ കരയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 

 


 

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് നിലവില്‍ 27 ക്യാമ്പുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 27 ക്യാമ്പുകളിലായി 622 പേര്‍ മാറി താമസിക്കുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ദുര്‍ബല സ്ഥലങ്ങളില്‍ താമസിക്കുന്നവരെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാന, ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ 3 ദിവസത്തേക്ക് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായും, മത്സ്യബന്ധനത്തില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 

 


 

ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും കെ.എസ്.ഇ.ബി, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും, അഗ്നി രക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകള്‍ക്ക് തയ്യാറായി ഇരിക്കുന്നതിനും ഫയര്‍ & റസ്‌ക്യു സേനയും, സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഇരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി. കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 


 

യോഗത്തില്‍ 14 ജില്ലാ കളക്ടര്‍മാര്‍ക്കു പുറമേ അഡീഷണല്‍ ചീഫ് സെക്രട്ടറി (അഭ്യന്തരം) ജോസ് ടി.കെ, റവന്യു അഡീഷല്‍ ചീഫ് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ടിങ്കു ബിസ്വാള്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, ഫയര്‍ & റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ ഐപിഎസ്, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.അശോക് , ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശികന്‍ ഐഎഎസ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജു ഐഎഎസ്, വാട്ടര്‍ അതോറിറ്റി എംഡി, ഇറിഗേഷന്‍ ചീഫ് എഞ്ചീനിയര്‍, ഡാം സേഫ്റ്റി ചീഫ് എഞ്ചീനിയര്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.