ഹൈദരാബാദിൽ മലയാളി മാധ്യമ പ്രവർത്തക വാഹനപകടത്തിൽ മരിച്ചു
ഇന്ന് രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ കാറിടിച്ചാണ് നിവേദിത മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
ഹൈദരാബാദ് : മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹപകടത്തിൽ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ നിവേദിത സൂരജാണ് ഹൈദരാബാദിൽ കാറിടിച്ച മരിച്ചത്. ഇടിവി ഭാരത് മലയാളത്തിന്റെ കണ്ടന്റെ എഡിറ്ററാണ് മരിച്ച നിവേദിത. രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയായിരുന്ന മഹാരാഷ്ട്ര സ്വദേശിനിക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. നാളെ ഞായറാഴ്ച രാവിലെ 9.30ന് വീട്ടിൽ വെച്ച് സംസ്കാരം.
ഇന്ന് ശനിയാഴ്ച രാവിലെ അഞ്ച് മണിക്കാണ് അപകടം സംഭവിക്കുന്നത്. റെങ്കറെഡ്ഡി ജില്ലയിലെ ഹയാത്ത് നഗറിൽ താമസിക്കുന്ന നിവേദിത സഹപ്രവർത്തകയ്ക്കൊപ്പം ഓഫീസിലേക്ക് പോകും വഴി റോഡ് മുറിച്ച് കടക്കവെ കാറ് വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ നിവേദിത മരണമടഞ്ഞു. ഗുരതരമായി പരിക്കേറ്റ സഹപ്രവർത്തകയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം നിവേദതയുടെ മൃതദേഹം നാട്ടിലേക്കയച്ചു. തൃശൂർ ഇരിങ്ങാലക്കുട പടിയൂർ വിരുത്തിപ്പറമ്പിൽ വീട്ടിൽ സൂരജിന്റെയും ബിന്ദുവിന്റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാർഥിയാണ്. ഇടിവി ഭാരതിന് മുമ്പ് റിപ്പോർട്ടർ ടിവിയിലും നിവേദിത പ്രവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...