സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച; ആകെ 1,39,025 വോട്ടർമാർ
Kerala Local Body By-Election 2022 കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് സംഘടപ്പിക്കുന്നത്.
സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ നവംബർ 9 ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് സംഘടപ്പിക്കുന്നത്. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. 11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.
വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. ആകെ 1,39,025 വോട്ടർമാർ. 65,964 പുരുഷന്മാരും 73,061 സ്ത്രീകളും. പ്രവാസി വോട്ടർപട്ടികയിൽ 9 പേർ. വോട്ടെടുപ്പിന് 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ തൊണ്ണൂറ്റിരണ്ടും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലെ എട്ടും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ പന്ത്രണ്ടും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പതിന്നാലും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പതിനെട്ടും മേലടി ബ്ലോക്ക് പഞ്ചായത്തിലെ ആറും ബൂത്തുകൾ ഇതിൽ ഉൾപ്പെടും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:
തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം
കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം
പത്തനംതിട്ട – പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി
ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്
ഇടുക്കി – ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം
എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം
തൃശ്ശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം
പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി
മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്
കോഴിക്കോട് – മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ
വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...