പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കമാകും. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ബിജെപിയുടെ ജനരക്ഷ യാത്രക്കായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പയ്യന്നൂരിലെത്തും.  തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം പയ്യന്നൂരിലെ ഉദ്ഘാടന ചടങ്ങിനെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും അതിനുശേഷം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കുന്നത്.  ആദ്യദിവസമായ ഇന്ന് പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയാണ് യാത്ര. ഈ പദയാത്രയില്‍ അമിത് ഷാ ഉണ്ടാകും.  കനത്ത സുരക്ഷാക്രമീകരണങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്.  കണ്ണൂരില്‍ നിന്നുള്ള മുഴുവന്‍ സേനക്കും പ്രത്യേക സുരക്ഷാ വിഭാഗങ്ങള്‍ക്കും പുറമേ സമീപ ജില്ലകളിലെ ഡി.വൈ.എസ്.പി മാരെയും, സി.ഐമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ സുരേഷ് ഗോപി,റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, മനോജ് തിവാരി, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, വി.മുരളീധരന്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.


ജനരക്ഷായാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ അമിത് ഷാ ഉണ്ടാകും. കേരളത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപിയുടെ പ്രതിച്ഛായ മങ്ങിയ സാഹചര്യത്തില്‍ അമിത് ഷായുടെ സാന്നിധ്യം പാര്‍ട്ടിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് സംസ്ഥാന നേത്യത്വത്തിന്‍റെ പ്രതീക്ഷ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുണ്ട്. യാത്ര നയിക്കുന്ന കുമ്മനം രാജശേഖരന്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പയ്യന്നൂരിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ പങ്കെടുക്കും. പയ്യന്നൂര്‍ ശ്രീപ്രഭാ ഓഡിറ്റോറിയത്തില്‍ 10,000 പേര്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. ദൂരെനിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണിത്. 20 കൗണ്ടറുകളിലായി വെജിറ്റബിള്‍ ബിരിയാണിയാണ് വിതരണം ചെയ്യുക.  നാലാംദിവസമായ വെള്ളിയാഴ്ച പാനൂരില്‍നിന്ന് കൂത്തുപറമ്പിലേക്കാണ് യാത്ര. മറ്റുജില്ലകളില്‍ ഓരോദിവസം മാത്രമാണ് ജാഥാപര്യടനം. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ജാഥാ പര്യടനമില്ല. 'മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ' എന്ന പേരിലാണ്   കുമ്മനം രാജശേഖരന്‍റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര. 11 ജില്ലകളിലായി നടക്കുന്ന യാത്ര സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കും. തലസ്ഥാനത്ത് നടക്കുന്ന സമാപന ചടങ്ങിലും അമിത് ഷാ എത്തുമെന്നാണ് സൂചന.