കോഴിക്കോട്: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ നദീറിനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. ഇരിട്ടി പൊലീസ് സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ പെട്ട് ഒളിവിലെന്ന് കാണിച്ചാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 ന് ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായാണ് നദീറിനെ പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുക്കുന്നത്. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. കേസില്‍ എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് നദീറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ-സാസ്കാരിക മണ്ഡലങ്ങളില്‍ സജീവമായിരിക്കുമ്പോഴാണ് നദീര്‍ ഒളിവിലാണെന്ന് പറഞ്ഞുള്ള പൊലീസിന്‍റെ നാടകം. 


ലുക്കൗട്ട് നോട്ടീസ് കണ്ട നദീറിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം നദീറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് നദീര്‍ പറയുന്നു. പൊലീസിന്‍റെ ഉപദ്രവം തീരാന്‍ എന്താണ് താന്‍ ചെയ്യേണ്ടതെന്നാണ് നദീര്‍ ഉന്നയിക്കുന്ന ചോദ്യം.