അനാവശ്യമായി ഹോണടിച്ചാൽ ഇനി പിഴ അടയ്ക്കാം; കർശന നടപടികൾക്കൊരുങ്ങി കേരള പൊലീസ്
നോ ഹോൺ ബോർഡ് ഉള്ളിടത് ഹോൺ മുഴക്കിയാൽ ആദ്യ പ്രാവശ്യം 1000 രൂപയും രണ്ടാമത്തെ പ്രാവശ്യം 2000 രൂപയും പിഴയീടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അനാവശ്യമായി വണ്ടികളുടെ ഹോൺ മുഴക്കുന്നത് തടയാൻ നടപടിയുമായി കേരളം പൊലീസ്. ട്രാഫിക് സിഗ്നലുകളിൽ പോലും അനാവശ്യമായി ഹോൺ മുഴക്കുന്ന ആളുകളുണ്ട്. ഇതിനെതിരെ കേരള പൊലീസ് ഇതിന് മുമ്പ് ബോധവത്‌കരണ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ എന്നിട്ടും ഇതിന് ഹോൺ മുഴക്കുന്നത് കുറയാതെ വന്നതോടെയാണ് കേരളം പൊലീസ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. കേരള പോലീസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. നോ ഹോൺ ബോർഡ് ഉള്ളിടത് ഹോൺ മുഴക്കിയാൽ ആദ്യ പ്രാവശ്യം 1000 രൂപയും രണ്ടാമത്തെ പ്രാവശ്യം 2000 രൂപയും പിഴയീടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരള പോലീസിന്റെ കുറുപ്പിന്റെ പൂർണരൂപം
ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണവർക്ക്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെയും നാം കാണാറുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനാണ് ഹോൺ ഉപയോഗിക്കേണ്ടത് എന്നാൽ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നു. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.
മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക. മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണ്:
1. അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്.
2. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്.
ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...