വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ചിന്ത ജെറോം തന്നെ പിഎച്ച്ഡി വിവാദങ്ങൾക്ക് ഒടുവിൽ ഫുൾ സ്റ്റോപ്പിട്ടു. നോട്ടപ്പിശകും, മാനുഷികമായ തെറ്റും തൻറെ ചിന്തയ്ക്ക് അതീതമായി പോയി എന്ന തിരിച്ചറിവാകാം കാരണം. അതുകൊണ്ട് തന്നെ റീ വാലുവേഷനിൽ പിന്നെയും മാർക്കിട്ട് കൊടുക്കുന്ന അധ്യാപികയുടെ നിശബ്ദതയോടെ ചിന്ത പിൻവാങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

17 വർഷം വേണ്ടി വന്നു പികെ ബിജുവിന് പോളിമർ കെമിസ്ട്രിയിൽ തൻറെ ഗവേഷണം പൂർത്തിയാക്കാൻ. ആലത്തൂർ എംപിയായിരിക്കെയാണ് അദ്ദേഹം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും 2017-ൽ പിഎച്ച്ഡി നേടുന്നത്. അക്കാദമിക്കിലെ മികവ് പുലർത്തുന്ന രാഷ്ട്രീയക്കാരനായത് കൊണ്ട് തന്നെയായിരുന്നു ആ നേട്ടം.


ആ മെറിറ്റ് സിപിഎമ്മിന് കൂടി അവകാശപ്പെടാമെന്നിരിക്കെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അതേ പിഎച്ചഡി ഒരു ഭൂതം കണക്കെ സിപിഎമ്മിനെ പിടികൂടിയിരിക്കുന്നത്. അത് ഷാഹിദാ കമാലായും, കെടി ജലീലായും, ഒടുവിൽ ചിന്താ ജെറോമായും രൂപാന്തരപ്പെടുന്നുവെന്ന് മാത്രം.


വിയറ്റ്നാമിയൻ ഡോക്ടറേറ്റ്


പിഎച്ച്ഡിയിൽ സിപിഎം പ്രതിക്കൂട്ടിലായെന്ന നിലവാരം കുറഞ്ഞ വിമർശനം ഇത്തവണയും പ്രതിപക്ഷം ഉന്നയിച്ചു. അതിനവരെ കുറ്റം പറയാൻ സാധിക്കില്ല. വിയറ്റ്നാം സർവ്വകലാശാലയിൽ നിന്നും നേടിയ ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാല ഓണററിയായി നൽകിയതാണെന്ന് വനിത കമ്മീഷൻ അംഗം (സിപിഎം നോമിനി) ഷാഹിദ കമാൽ പറഞ്ഞ് നാവ് വളച്ചിട്ട് കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞതേയുള്ളു.


ലോകായുക്തക്ക് മുൻപിൽ വിയറ്റ്നാം സർവകലാശാലയാണ് ഷാഹിദ കമാലിന് ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാരിന് പിന്നീട് നിലപാട് മാറ്റി കസാഖിസ്ഥാൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കേണ്ടി വന്നതാണ് ചരിത്രം. 


അതിനും ഒരു വർഷം മുൻപാണ് കഴിഞ്ഞ ടേമിലെ ഉന്നത വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്ന കെടി ജലീലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടത്. എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ജലീലിൻറെ ആ തീസിസിന് കേരള സർവ്വകലാശാല അംഗീകാരം നൽകിയതെന്ന് സേവ് എജ്യുക്കേഷൻ ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 


" PhD thesis of Jaleel was nothing but “a disordered compendium of quotes” എന്ന് ആ പരാതിയുടെ പ്രസ്ക്ത ഭാഗങ്ങളെ ഹൈലൈറ്റ് ചെയ്ത് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന ലേഖനത്തിൽ പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ചെറിയ മാറ്റം വരുത്തി കോപ്പിയടിച്ച ഉദ്ധരണികൾ മാത്രം ചേർത്ത് തയ്യറാക്കിയ എന്തോ ഒന്നിന് പിഎച്ച്ഡി നൽകുകയായിരുന്നത്രെ-  വിഷയത്തിൽ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും  പിന്നീടാ വിവാദത്തിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.


നാല് പിഎച്ച്ഡി ഹോൾഡർമാർ


സംസ്ഥാന നിയമസയഭയിലെ പിഎച്ച്ഡി ഹോൾഡർമാരിൽ മൂന്ന് പേർ ഭരണപക്ഷത്തുള്ളവരാണ്. ഒരാൾ പ്രതിപക്ഷത്തും.
വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഡോക്ടറേറ്റ്. "റവന്യൂ ചെലവ് മാതൃകയും കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ അതിന്റെ സ്വാധീനവും" എന്ന വിഷയത്തിൽ ഗവ.ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജിന് പിഎച്ച്ഡിയുണ്ട്.


മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് പ്രാദേശിക വ്യാപാര കരാറുകളെ പറ്റി നടത്തിയ ഗവേഷണ പ്രബന്ധത്തിനാണ് പിഎച്ച്ഡി ലഭിച്ചത്. മലബാർ കലാപത്തിൽ  '(വാരിയംകുന്നത്ത്) കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാർ എന്നിവരുടെ  പങ്കിനെ പറ്റിയുള്ള ഗവേഷണത്തിന് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന കെടി ജലീലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിലും രണ്ടാം പിണറായി സർക്കാരിലും ഡോക്ടറേറ്റുള്ള എംഎൽഎ കെടി ജലീൽ തന്നെയാണെന്നത് അദ്ദേഹത്തിന് അഭിമാനിക്കാം.


മാതൃകയുണ്ടാവേണ്ടതും, ഉണ്ടായിട്ടുള്ളതും


ഉയർന്ന വിദ്യാഭ്യാസ യോഗ്യത മികച്ച ഭരണകർത്താവിൻറെ അടയാളമാണെന്ന പൊതുബോധം ഉറക്കുന്നതിന് മുൻപാണ് 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ഡോക്ടർ ബി ആർ അംബേദ്കർ കൊളമ്പിയൻ സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയത്. പിൽക്കാലത്ത് റിസർവ്വ് ബാങ്കിൻറെ വരെ പിറവിയിലേക്ക് നയിച്ച ഇന്ത്യയുടെ സാമ്പത്തി സ്ഥിതിയെ പറ്റിയുള്ള പ്രബന്ധങ്ങളിൽ ഒന്നായിരുന്നു അത്


1927-ൽ ബെർലിനിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയ രാഷ്ട്രീയ നേതാവാണ് സിപിഐ മുൻ ജനറൽ സെക്രട്ടറി ഗംഗാധർ അധികാരി,  1937-ൽ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ പിഎച്ച്ഡി നേടിയ മുൻ പ്രസിഡൻറ് രാജേന്ദ്ര പ്രസാദും, ഫ്ലെച്ചർ സ്കൂൾ ഒാഫ് ലോയിൽ നിന്നും 22-ാം വയസ്സിൽ ഇൻർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി നേടിയ ശശിതരൂരും രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ടവർ തന്നെയാണ്.


ചരിത്രം അങ്ങിനെയൊക്കെയാണെങ്കിലും വിവാദങ്ങൾ കാണുമ്പോൾ പിന്നെയും അർഥവത്താകുന്നത് വാഴക്കുലയിലെ പഴയ വരികൾ തന്നെയാണ്.


അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.