തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു അദ്ദേഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം


കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. 


ALSO READ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു


പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളി കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.


വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല. 


വ്യക്തിപരമായി എനിക്ക്  വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന്  പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. 


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം.


കാനത്തിൻ്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു അദ്ദേഹം. തൻ്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നത്.


ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവിന്റെ അനുശോചനം


സമുന്നതനായ പൊതുപ്രവർത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരിച്ചു.


വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി മികച്ച നിയമസഭാ സാമാജികനായും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും ഉയർന്ന കാനത്തിന്റെ വ്യക്തിത്വം എക്കാലത്തും സമാദരണീയമായിരുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോടുള്ള പോരാട്ടത്തിലും അവരോട് ചാർച്ച പുലർത്തുന്ന കോൺഗ്രസിനെ തുറന്നുകാട്ടുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു സഖാവ് കാനം - മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരിച്ചു.


ധനമന്ത്രി കെ എൻ ബാലഗോപാൽ അനുശോചിച്ചു 


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അധ്വാനിക്കുന്ന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം മനുഷ്യസ്‌നേഹം ഉയർത്തിപ്പിടിച്ച പൊതുപ്രവർത്തകനായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളുടെ മുൻനിരക്കാരനായ കാനം രാജേന്ദ്രന്റെ വിയോഗം പൊതുജീവിതത്തിൽ കനത്ത നഷ്ടമാണ്‌ വരുത്തിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നതായും ധനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു


സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു. തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമര സഖാവായിരുന്നു കാനം രാജേന്ദ്രൻ. വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തിലൂടെ കരുത്ത് തെളിയിച്ച കാനം രാജേന്ദ്രൻ തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിരയിൽ നിലകൊണ്ടുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചിച്ചു


സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അകാല വിയോഗത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം. കേരളത്തില്‍ ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ അനിതരസാധാരണായ ഇച്ഛാശക്തി എന്നും പുലര്‍ത്തിയിരുന്ന നേതാവാണ് അദ്ദേഹം. അടിസ്ഥാന ജനവിഭാഗത്തിന്റെ വിശിഷ്യ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നേതൃത്വ മികവ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എക്കാലവും മാതൃകയാണ്. വര്‍ഷങ്ങളായി വ്യക്തിപരമായി ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. 1982-ല്‍ നിയമസഭാ സമാജികരെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവിന്റെ വിയോഗം സി.പി.ഐയ്ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


കാനം അനുപമ വ്യക്തിത്വം: ദേവർകോവിൽ


തിരുവനന്തപുരം: വ്യാപരിച്ച മേഖലകളിലെല്ലാം വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് മന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റുമായ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഐഎൻഎൽ നോടും, വ്യക്തിപരമായി തന്നോടും അദ്ദേഹം കാണിച്ച സ്നേഹവും ആദരവും എന്നും നല്ല ഓർമ്മകളുടെതാണ്. കാനം എഐടിയുസി നേതൃപദവിയിലുള്ള കാലം ചൂഷണങ്ങൾക്കെതിരെ  തൊഴിലാളി പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് നടത്തിയ സമരപോരാട്ടങ്ങൾ ട്രേഡ് യൂണിയൻ ചരിത്രത്തിലെ സുവർണ്ണ നാളുകളുടെതായിരുന്നു. രാജ്യം വർഗീയ- കോർപ്പറേറ്റ് ശക്തികൾ ഭിന്നിപ്പിക്കുന്ന ഇരുണ്ട കാലത്ത് കാനം സ്വജീവിതത്തിലൂടെ കാണിച്ച കലർപ്പില്ലാത്ത മതനിരപേക്ഷ വഴി പോരാട്ടങ്ങൾക്ക് കരുത്തു പകരും. അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.


കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു


സിപിഐ സംസ്ഥാന സെക്രട്ടറിയും കേരള രാഷ്ട്രീയത്തിലെ സമുന്നത വ്യക്തിത്വവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ  സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രശ്നങ്ങളെ കൃത്യമായി സമീപിക്കുവാനും വ്യക്തമായി വിശകലനം ചെയ്യുവാനും അദ്ദേഹത്തിന് സ്വതസിദ്ധമായ കഴിവുണ്ടായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട്  കേരള രാഷ്ട്രീയത്തിന് പൊതുവേയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ്. സഹപ്രവർത്തകരോടും കുടുംബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.


ആർ എസ് പി സെക്രട്ടറി ഷിബു ബേബിജോണിന്റെ അനുശോചനം 


തിരുവനന്തപുരം : മികച്ച സംഘാടകനും തൊഴിലാളി വർഗ്ഗ നേതാവുമായിരുന്ന കാനം രാജേന്ദ്രൻ ദിശാബോധമുള്ള വ്യക്തിത്വമായിരുന്നു.  എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പുലർത്തിയിരുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.