Exclusive : മെമ്പർഷിപ്പ് വിതരണം പ്രതിസന്ധിയിൽ, വോട്ടർ പട്ടിക തേടി നേതാക്കളുടെ നെട്ടോട്ടം; പി ജെ ജോസഫിന്റെ ചെയർമാൻ സ്ഥാനം തൃശങ്കുവിൽ?
Kerala Congress J Crisis മെമ്പർഷിപ്പ് വിതരണം എന്ന ഓമനപ്പേരിൽ ഇപ്പോൾ നടക്കുന്നത് പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കാനുള്ള നടപടി ക്രമങ്ങൾ മാത്രമാണെന്നും ഒരു മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: സെമി കേഡർ സ്വഭാവത്തിലേക്ക് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് (എം) ചുവടുവയ്ക്കുമ്പോൾ മറുഭാഗത്ത് പി ജെ ജോസഫ് ഗ്രൂപ്പിന്റെ മെമ്പർഷിപ്പ് വിതരണം അവതാളത്തിൽ. ഒക്ടോബറിൽ തുടങ്ങിയ മെമ്പർഷിപ്പ് വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. 14 ജില്ലാ പ്രസിഡന്റുമാർക്കും നൽകിയ മെമ്പർഷിപ്പ് ഇപ്പോഴും താഴെ തട്ടിലെ കമ്മറ്റികളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. ഭാഗികമായി മെമ്പർഷിപ്പ് എത്തിച്ച ഇടങ്ങളിൽ വിതരണം ചെയ്യാൻ നേതാക്കൾ മടിക്കുകയുമാണ്. മെമ്പർഷിപ്പ് വിതരണം എന്ന ഓമനപ്പേരിൽ ഇപ്പോൾ നടക്കുന്നത് പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കാനുള്ള നടപടി ക്രമങ്ങൾ മാത്രമാണെന്നും ഒരു മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു.
മെമ്പർഷിപ്പ് ചേർക്കുന്നതിനുള്ള നിബന്ധനകളാണ് നേതാക്കളെ വലയ്ക്കുന്നത്. നിയോകമണ്ഡലത്തിൽ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് എത്തണമെങ്കിൽ ഒരു നേതാവ് 1000 മെമ്പർഷിപ്പ് ചേർക്കണമെന്നാണ് നേതൃത്വത്തിന്റെ നിബന്ധന. 10 രൂപയാണ് മെമ്പർഷിപ്പ് ഫീ. ചേർക്കുന്ന മെമ്പർഷിപ്പിന്റെ 3 പകർപ്പുകൾ അടങ്ങുന്ന പട്ടിക നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികൾക്ക് കൈമാറണം എന്നതാണ് വ്യവസ്ഥ.
ALSO READ : Exclusive: ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം; ജോസ് കെ മാണിയ്ക്കൊപ്പം ചേരാൻ പ്രമുഖ നേതാക്കൾ
ഈ പ്രശ്നം പരിഹരിക്കാൻ വോട്ടർപട്ടിക ഉപയോഗിച്ച് മെമ്പർഷിപ്പ് ബുക്കിൽ പേരുകൾ എഴുതി ചേർക്കുകയാണെന്നാണ് ആക്ഷേപം. പരിഹാസവും ആക്ഷേപവും ശക്തമായതോടെ കോവിഡ് സാഹചര്യം പരിഗണിച്ച് ഇപ്പോൾ നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ 30 വരെ നീട്ടുവാനാണ് കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ, കേരളാ കോൺഗ്രസിന്റെ താത്കാലിക കമ്മറ്റിയുടെ ചെയർമാൻ മാത്രമാണ് പി ജെ ജോസഫ്. ഭരണഘടനയിൽ ഇല്ലാത്ത എക്സിക്യൂട്ടീവ് പദവി നൽകിയാണ് മോൻസ് ജോസഫിനെ തൃപ്തിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പാർട്ടിക്കുള്ളിൽ രൂപം കൊണ്ട ചെറുഗ്രൂപ്പുകൾ പി ജെ ജോസഫിന്റെ ഉറക്കം കെടുത്തുകയാണ്. ഈ സാഹചര്യം എത്രയും വേഗം മറികടക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ജോസഫ് അനുകൂലികളുടെ ശ്രമം.
ALSO READ : ജോസും ജോസഫും ഇനി ഒന്നിക്കില്ല; ബിഷപ്പിന്റെ മധ്യസ്ഥത അടഞ്ഞ അധ്യായം, ജോസഫ് ക്യാമ്പിലെ നിരാശയ്ക്ക് പിന്നിൽ...
പാർട്ടി മെമ്പർമാരുടെ അന്തിമ ലിസ്റ്റ് മെയ് 31ന് പ്രസിദ്ധീകരിക്കും. ജൂൺ മാസത്തിൽ വാർഡ്, മണ്ഡലം തെരഞ്ഞെടുപ്പുകളും, ജൂലൈയിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുകളും ഓഗസ്റ്റിൽ ജില്ലാ തെരഞ്ഞെടുപ്പുകളും നടത്തും. ഓഗസ്റ്റ് 24ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും. അതിനുശേഷം പുതിയ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ആദ്യ യോഗവും സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമാണ് സെപ്റ്റംബർ 3ന് ചേരുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.