കൊച്ചി: കൊച്ചിയിൽ പെയ്യുന്ന കനത്ത മഴയിൽ വലഞ്ഞ് ജനങ്ങൾ. ‌ഇന്ന് രാവിലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ കൊച്ചി ന​ഗരത്തിൽ വലിയ വെള്ളക്കെട്ടും ​ഗതാ​ഗത തടസവുമുണ്ടായി. ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇക്കഴിഞ്ഞ ഒന്നര മണിക്കൂറിൽ കൊച്ചിയിൽ 98 മില്ലി മീറ്റർ മഴയാണ് പെയ്തിരിക്കുന്നത്. കുസാറ്റിലെ മഴമാപിനിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, കടവന്ത്ര, പാലാരിവട്ടം റോഡുകളിൽ വാഹനങ്ങൾ കുടുങ്ങി. സർവീസ് റോഡുകളിൽ നിറയെ വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ കാണപ്പെട്ടത്. ഇടപ്പള്ളി മരോട്ടിചുവട്ടിലെയും തമ്മനം ശാന്തിപുരം കോളനിയിലെയും വീടുകളിൽ വെള്ളം കയറി. പശ്ചിമ കൊച്ചിയിലും കളമശ്ശേരിയിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളു‍‍ടെ വ്യത്യാസത്തിൽ പെയ്ത കനത്ത മഴയിൽ കാക്കനാട് ഇൻഫോപാർക്ക് രണ്ടാമതും മുങ്ങി. 


ALSO READ: പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും എന്ന് നാട്ടുകാർ
 
തൃക്കാക്കരയിൽ 20 വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം. പെരുമ്പടപ്പ്, കുമ്പളങ്ങി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതിനിടെ വേങ്ങൂരിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി എൽദോസ് മുങ്ങി മരിച്ചു. 


തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. കായംകുളത്ത് ശക്തമായ കാറ്റിൽ മരം വീണ് യുവാവ് മരിച്ചു. മാവേലിക്കര ഓലക്കെട്ടിയിൽ തെങ്ങ് കടപുഴയ്ക്ക് വീണ് അരവിന്ദ് (3) മരിച്ചു. തെക്കൻ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞു. തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ ക്ലിഫ് ഇടിഞ്ഞു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം അടച്ചു. 


അടുത്ത മണിക്കൂറുകളിൽ കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്