കോട്ടയം : സംസ്ഥാനത്ത് തെക്ക്, മധ്യ കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ എം ജി യൂണിവേഴ്സിറ്റിയും കാലടി സർവകലാശയും നാളെ നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവച്ചു. കാലാടി സർവകലാശാല നാളെത്തെ പരീക്ഷകൾ എല്ലാം ഓഗസ്റ്റ് നാല് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. എംജി സർവകലാശാല പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കുമെന്ന് അറിയിച്ചു. കൂടാതെ കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ കലക്ടർമാർ അവധി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി തൊണ്ണൂറോളം പേർ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൂട്ടിക്കലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഈരാറ്റുപേട്ടയിൽ കടകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിൽ വെള്ളമിറങ്ങി തുടങ്ങി. അതേസമയം മലയോര മേഖലയിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.


ALSO READ : കലിതുള്ളി കാലവർഷം; മഴക്കെടുതിയിൽ സംസ്ഥാനത്ത് ആറ് മരണം; 55 വീടുകൾ ഭാഗികമായി തകർന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി


ഇന്നലെ വൈകീട്ട് മുതല്‍  തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിലുള്ളത്.


അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ 4 ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത്  പ്രതിസന്ധി  സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 


ALSO READ : മഴക്കെടുതി രൂക്ഷം, ഡാമുകളിൽ ജലനിരപ്പുയരുന്നു; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് ഡിജിപി


ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.