Vaccine shortage: സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്
തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ (Vaccine) കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് അഞ്ച് ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ (Covishield) എത്തിയിട്ടുണ്ട്.
ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 1,48,270 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇന്ന് വൈകിയാണ് വാക്‌സിന്‍ ലഭിച്ചത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്‌സിന്‍ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ട്. വാക്‌സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി (Union health minister) ഉറപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ (National) ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 98,77,701 സ്ത്രീകളും, 91,21,745 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേര്‍ക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേര്‍ക്കും 60 വയസിന് മുകളിലുള്ള 73,97,039 പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
തുള്ളിയും കളയാതെ കിട്ടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്‌സിന്‍ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഉപയോഗ നിരക്ക് 105.8 ആണ്. അത് തന്നെയാണ് സംസ്ഥാനത്തിന്റെ വാക്‌സിനേഷന്റെ നേട്ടമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...