വിവരാവകാശ നിയമപ്രകാരമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം നിരുത്സാഹപ്പെടുത്തണമെന്ന് കേരളത്തിന്റെ ശിപാര്‍ശ. അപേക്ഷ ഫീസ് വര്‍ദ്ധിപ്പിക്കുക, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പിഴ ചുമത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കേരളം സമര്‍പ്പിച്ചിട്ടുണ്ട്.വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് സമിതിക്ക് കേരളം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. മന്ത്രിസഭാ തീരുമാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് വിവരാവകാശ നിയമത്തെ നിരുത്സാഹപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവച്ചിരിക്കുന്നത്.കേരളത്തില്‍ നിന്നും ലഭിച്ചത് അപ്രായോഗിക നിര്‍ദ്ദേശങ്ങളാണ്. ചീഫ് സെക്രട്ടറിയുടെ ആവശ്യ പ്രകാരം വിവിധ വകുപ്പ് മേധാവികളാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷ ഫീസ് വര്‍ദ്ധിപ്പിക്കുക, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പിഴ ചുമത്തുക, മാധ്യമ പ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുക മുതലായവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.വിവരാവകാശ നിയമത്തിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കായി 2015 ആഗസ്തിലാണ് ലോക്സഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഡോ. ജെ പി ഗാന്ധി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുകയോ കൂടിയ നിരക്ക് ഈടാക്കുകയോ ചെയ്യണം. ഇക്കൂട്ടര്‍ വിവരങ്ങള്‍ ലാഭസമ്പാദനത്തിനായി വിനിയോഗിക്കുകയാണെന്നാണ് പൊതുഭരണ വകുപ്പിന്റെ വാദം. 


അപ്രധാനവും ആവര്‍ത്തന സ്വഭാവവുമുള്ള അപേക്ഷകളെ പിഴ ഈടാക്കി നിരുത്സാഹപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. അപേക്ഷ ഫീസും പകര്‍പ്പുകളുടെ നിരക്കും വര്‍ദ്ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് പറയുന്നു. അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനുള്ള സമയ പരിധി 5 ല്‍ നിന്നും 15 ആക്കണമെന്നും കുറിപ്പ് ഫയലുകള്‍ പരസ്യപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് റവന്യൂ വകുപ്പിന്റെ ശുപാര്‍ശ. ചോദ്യങ്ങളുടെ എണ്ണം നിയന്ത്രിക്കണം, അപേക്ഷ ഫീസ് 50 രൂപയാക്കണമെന്നും തപാല്‍ നിരക്ക് ഈടാക്കണമെന്നും ധനവകുപ്പ് പറയുന്നു.


വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി പാര്‍ലമെന്ററി സമിതിക്ക് കൈമാറി. പൊതുജനങ്ങളില്‍ നിന്നോ വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കാതെ ഉദ്യോഗസ്ഥരെ ആശ്രയിച്ചത് നിയമം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.