ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി-20ൽ സെഞ്ച്വറി നേട്ടവുമായി തിലക് വർമയും സഞ്ജു സാംസണും. ഇരുവരും തകർത്ത് അടിച്ചതോടെ ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 283 റൺസ് എടുത്തു. സഞ്ജു 109 റൺസും തിലക് വർമ 120 റൺസുമെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവും തിലക് വർമയും ചേർന്ന് 210 റൺസാണ് നേടിയത്. അന്താരാഷ്ട്ര ടി-20ലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇത്.
അഭിഷേക് ശർമയും സഞ്ജു സാംസണും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആറാം ഓവറിൽ സ്കോർ 73ൽ നിൽക്കവെ അഭിഷേകിൻ്റെ (36) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സഞ്ജു - തിലക് വർമ കൂട്ടുകെട്ടിൻ്റെ വെടിക്കെട്ട് പ്രകടനമാണ് വാണ്ടറേഴ്സ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഈ പരമ്പരയിലെ ഇരുവരുടെയും രണ്ടാമത്തെ സെഞ്ച്വറിയാണിത്. സഞ്ജു ആദ്യ ടി-20ലും തിലക് മൂന്നാമത്തെ ടി-20ലും സെഞ്ച്വറി നേടിയിരുന്നു. സഞ്ജു 51 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചപ്പോൾ തിലക് വർമ വെറും 41 പന്തിൽ നിന്നാണ് നൂറിലേക്ക് എത്തിയത്. പരമ്പരയിൽ തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷമാണ് സഞ്ജു മറ്റൊരു സെഞ്ച്വറി നേടുന്നത്.
കഴിഞ്ഞ അഞ്ച് ടി-20 മത്സരങ്ങളിലെ സഞ്ജുവിൻ്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇന്ന് ജൊഹന്നാസ്ബർഗിൽ നേടിയത്. 28 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടിയ സഞ്ജു അടുത്ത 23 പന്തിൽ സെഞ്ച്വറി തികയ്ക്കുകയായിരുന്നു. ഒമ്പത് സിക്സും ആറ് ഫോറും സഹിതമാണ് സഞ്ജു 109 റൺസ് നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ടി-20ൽ ഇന്ത്യക്ക് വേണ്ടി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റിഷഭ് പന്തിൻ്റെ റെക്കോഡ് സഞ്ജുവിൻ്റെ പേരിലായി. 2022ൽ 21 ഇന്നിങ്സിൽ നിന്ന് 364 റൺസ് എന്ന പന്തിൻ്റെ നേട്ടം മറികടക്കാൻ സഞ്ജുവിന് 11 ഇന്നിങ്സ് മാത്രമാണ് വേണ്ടിവന്നത്.
തിലക് വർമ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 10 സിക്സും ഒമ്പത് ഫോറും സഹിതമാണ് തിലക് വർമ 120 റൺസ് നേടിയത്. തിലകിൻ്റെ തുടർച്ചയായ സെഞ്ച്വറിയാണിത്. കഴിഞ്ഞ കളിയിൽ 107 റൺസെടുത്ത് പുറത്താവാതെ നിന്ന തിലക് വർമയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിൽ ഇന്ത്യക്ക് ഒപ്പമെത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.