Kerala School Kalolsavam 2024 | 20 തവണയും കോഴിക്കോട്, ഇപ്പോഴും നേടാത്ത ജില്ലകൾ നാല്, സ്വർണക്കപ്പിൻറെ ചരിത്രം ഇതാ...
മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തെ തുടർന്ന് ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവനുള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കൂടുതൽ തവണ നേടിയവരുടെ ചരിത്രം പരിശോധിച്ചാൽ അതിനൊരു വടക്കൻ വീരഗാഥ പറയാനുണ്ട്. പട്ടികയിൽ മുന്നിലുള്ളത് കോഴിക്കോടാണ്. വടക്കൻ ജില്ലയായ കണ്ണൂർ മൂന്നു തവണ സ്വർണകപ്പിൽ മുത്തമിട്ടു. തൃശൂർ മുന്നുതവണയും തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ ജില്ലകൾ നാലു തവണയും കപ്പടിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണകപ്പ് ഏർപ്പെടുത്തിയത് 1986 മുതലാണ്. മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തെ തുടർന്ന് ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവനുള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്. സ്വർണ്ണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിനാണ്. 1986ൽ തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിൽ തിരുവനന്തപുരമാണ് ആദ്യമായി സ്വർണകപ്പ് ഉയർത്തിയത്. 1981 മുതൽ 1989 വരെ തലസ്ഥാന ജില്ലയാണ് തുടർച്ചയായി ചാംപ്യൻമാരായതും സ്വർണകപ്പിൽ മുത്തമിട്ടതും.
1990ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തിൽ എറണാകുളം സ്വർണകപ്പിടച്ചു. തൊട്ടടുത്ത വർഷം കാസർഗോഡ് വച്ച് നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി സ്വർണകപ്പ് നേടുന്നത്. 92, 93 വർഷങ്ങളിലും കപ്പ് നേടിയ കോഴിക്കോട് സ്വർണകപ്പിൽ ഹാട്രിക് മുത്തമിട്ടു. 1994ൽ കോഴിക്കോട് വച്ച് നടന്ന കലോത്സവത്തിൽ കപ്പ് കോഴിക്കോടിന് നഷ്ടമായി. തൃശൂരാണ് അന്ന് സ്വർണകപ്പ് നേടിയത്. 2001ലും 2002ലും കപ്പ് കോഴിക്കോടിന് തന്നെ. 2003ൽ എറണാകുളം വീണ്ടും കപ്പ് ഉയർത്തി. പിന്നീടുള്ള രണ്ട് വർഷങ്ങളിലും കപ്പ് കോഴിക്കോടിന് തന്നെ.
2006ൽ കപ്പുമായി പാലക്കാട്ടുകാർ പോയി. 2007 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ കപ്പ് കോഴിക്കോടിന് തന്നെയായിരുന്നുവെങ്കിലും 2015ൽ പാലക്കാടുമായി കോഴിക്കോട് ച്യാംപ്യൻഷിപ്പ് പങ്കിടേണ്ടി വന്നു. 2019ലും 2020ലും പാലക്കാട് കപ്പ് കൊണ്ടുപോയപ്പോൾ 2021,22 വർഷത്തെ കലോത്സവം കൊറോണ കൊണ്ടുപോയി. 2023ൽ കോഴിക്കോട് വച്ചു തന്നെ നടന്ന കലോത്സവത്തിൽ കപ്പും കോഴിക്കോടിന് തന്നെയായിരുന്നു. 20 തവണയാണ് കോഴിക്കോടിന് സ്വർണകപ്പിൽ മുത്തമിടാൻ കഴിഞ്ഞത്. 1957ൽ തുടങ്ങിയ കലോത്സവത്തിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യൻമാരായതും കോഴിക്കോട് തന്നെയാണ്.
എന്നാൽ 17 തവണ തിരുവനന്തപുരം ചാംപ്യൻമാരായെങ്കിലും സ്വർണകപ്പ് നേടിയത് 4 തവണയാണ്. 1989ന് ശേഷം തിരുവനന്തപുരം ചാംപ്യൻമാരായിട്ടില്ലെന്നതും മറ്റൊരു ചരിത്രം. ഇത്തവണ ആതിഥേയത്വം വഹിക്കുന്ന കൊല്ലം 1965ൽ ചാംപ്യൻമാരായിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകൾ ചരിത്രത്തിൽ ഇതുവരെ കലോത്സവത്തിൽ ചാംപ്യൻമാരായിട്ടില്ല. വയനാടിനെയും കാസർഗോഡിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പൂർണ്ണമായി യോജിക്കുമോയെന്ന് അറിയില്ല. കാരണം 1957ൽ ആദ്യമായി നടന്ന കലോത്സവത്തിൽ വടക്കൻ മലബാറാണ് ചാംപ്യൻമാരായതെന്നത് പരിഗണിച്ചാൽ ആ നേട്ടത്തിൽ വയനാടിനും കാസർഗോഡിനും പങ്കുണ്ടെന്ന് ജില്ലക്കാർ വാദിക്കും. മലപ്പുറം പക്ഷേ ഈ പട്ടികയിൽ ഉൾപ്പെടുന്നുമില്ലെന്നത് മറ്റൊരു രസകരമായ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.