ജെസ്ന തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയ സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകട്ടെ എന്നും കോടതി പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു.
കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. കേസില്‍ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്.
അതേസമയം, ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്നതിലും പോലീസിന് സംശയമുണ്ട്. അന്വേഷണ വിവരങ്ങള്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെടുന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.