COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ശ്രീജിത്തിന്‍റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് സന്ദര്‍ശിച്ചു. 


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിയായ പി.എസ്. ശ്രീധരൻപിള്ളയ്ക്കു വേണ്ടി പ്രചാരണം നടത്തുന്നതിനു വേണ്ടി ഇന്നലെ കേരളത്തില്‍ എത്തിയ അദ്ദേഹം ബിജെപി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ ഇന്ന് രാവിലെ വരാപ്പുഴയിലെത്തി ശ്രീജിത്തിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചത്. സന്ദര്‍ശനവേളയില്‍ അദ്ദേഹം ശ്രീജിത്തിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 


സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയായി മാറണമെന്ന് അഭിപ്രായപ്പെട്ടു. 
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്‍റെ വീട്ടുകാരെ ആശ്വസിപ്പിക്കാനെത്താത്തതിൽ കുടുംബാംഗങ്ങൾക്കുള്ള പരിഭവം പരോക്ഷമായി അവതരിപ്പിക്കാനും അദ്ദേഹം മറന്നില്ല. ശ്രീജിത്ത് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തത് അഹങ്കാരത്തിന്‍റെ  തെളിവാണെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.


രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പിണറായി സര്‍ക്കാരും ത്രിപുരയില്‍ മുന്‍പ് ഭരിച്ചിരുന്ന മണിക്ക് സര്‍ക്കാരും ഒരുപോലെയാണെന്നും ബിപ്ലബ് കുമാര്‍ ദേബ് ആരോപിച്ചു. സിപിഎമ്മിന്‍റെ കൊലപാതകങ്ങളില്‍ മനംമടുത്താണ് ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റിയതെന്നും, അതേ അവസ്ഥ തന്നെയാണ് കേരളത്തിലെ പിണറായി സര്‍ക്കാരിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 


കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലമാകില്ല ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് പറഞ്ഞ ബിപ്ലബ്, കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിയായ പി.എസ്. ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഇന്നലെ രാത്രിയിലാണ് ബിപ്ലവ് കുമാര്‍ ദേബ് കേരളത്തില്‍ എത്തിയത്.