Kerala Weather Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്താ വകുപ്പ് ഉച്ചയ്ക്ക് 1 മണിക്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവജാഗ്രത തുടരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. മഴക്കെടുതിയിൽ സംസ്ഥാനത്ത് ആറുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കണ്ണൂരിൽ‌ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുട്ടനാട്ടിൽ റോഡിലെ ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടർന്ന് കെഎസ്ആർടിസി സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.


അതേസമയം മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു. ചക്രവാതചുഴി നിലവിൽ ജാർഖണ്ഡ് ന് മുകളിൽ നിലനിൽക്കുന്നു. വടക്ക് കിഴക്കൻ അറബികടലിൽ  ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി  വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ  മഴക്കും (Heavy to Very Heavy Rainfall) സാധ്യതയുണ്ടെന്നും തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.


ഓറഞ്ച് അലർട്ട്


07-07-2023:  കണ്ണൂർ, കാസർകോഡ്
 
മഞ്ഞ അലർട്ട്


07-07-2023 : കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്


08-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്


അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.   


Also Read: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം


 


പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ


ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.


ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
 
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.


വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.


ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.


റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.  


ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.


ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.


മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.


കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 


വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ  അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1056 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.


കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം


കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


07-07-2023 മുതൽ 09-07-2023 വരെ :കർണാടക തീരത്ത് 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 


07-07-2023 കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 


08-07-2023 മുതൽ 09-07-2023 വരെ :വടക്കൻ കേരളത്തിൽ  മണിക്കൂറിൽ 40  മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 


07-07-2023 മുതൽ 08-07-2023 വരെ: ലക്ഷദ്വീപ് തീരത്ത്  തീരങ്ങളിൽ മണിക്കൂറിൽ 40  മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.