തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യത നേടി പത്ത് പേര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ഘടകം സംഘടനാ തിരഞ്ഞെടുപ്പിനോട് താല്പര്യം കാട്ടാതിരിക്കുമ്പോഴും ദേശീയ നേതൃത്വം സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയാണ്. 


ഹൈബി ഈഡൻ എംപി, നുസൂർ എൻഎസ്, പ്രേംരാജ്, രമ്യാ ഹരിദാസ് എംപി, റിജിൽ മാക്കുറ്റി, റിയാസ് മക്കോലി, എസ്എം ബാലു, ശബരിനാഥൻ കെഎസ്, ഷാഫി പറമ്പിൽ, വിദ്യാ ബാലകൃഷ്ണൻ എന്നിവരാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത നേടിയവര്‍.


അതേ സമയം സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ അദ്ധ്യക്ഷനെ കണ്ടെത്തണമെന്നും മറ്റു ഭാരവാഹികളെ ഗ്രൂപ്പടി സ്ഥാനത്തിൽ വീതം വെയ്ക്കണമെന്നുമാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ താല്പര്യം. 


സംഘടനാ തിരഞ്ഞെടുപ്പുണ്ടായാൽ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന ആശങ്കയും സംസ്ഥാനത്തെ നേതാക്കൾക്കുണ്ട്. 


എന്നാൽ ദേശീയ നേതൃത്വം പുറത്തിറക്കിയ പട്ടികയിൽ ഒരാളെ പ്രസിഡന്റും മറ്റുള്ളവരെ സംസ്ഥാന ഭാരവാഹികളുമാക്കുന്നതിൽ സംസ്ഥാനത്തെ നേതാക്കൾക്കുമെതിർപ്പില്ല. 


ജില്ലാ പ്രസിഡന്‍റുമാരെയും സമവായത്തിലൂടെ കണ്ടെത്തണമെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം. അവർ ഇക്കാര്യം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെയും കോൺഗ്രസ് ഹൈക്കമാന്‍റിനെയും അറിയിച്ചിട്ടുണ്ട്.