തിരുവനന്തപുരം:കേരളം മെയ് 16 ന് വിധിയെഴുതും. കേരളം ആരു ഭരിക്കുമെന്ന് 19ന് ഉച്ചയോടെ അറിയാം. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് തന്നെ അതാതു കേന്ദ്രങ്ങളിലെത്തി. 10  മണി  മുതലാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചത്. വോട്ടിംഗ് മെഷീനും വി വി പാ​റ്റ് (വോട്ട് സഥിരീകരണ യന്ത്രം) ഉള്ള ബൂത്താണെങ്കിൽ ആ ഉപകരണവുമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള പോളിംഗ് സാമഗ്രികൾ സെക്ടറൽ ഓഫീസർമാർ അതത് ബൂത്തുകളിലെത്തിക്കും. വിവിധ ജില്ലകളിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 


തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായി കാൻറീൻ, വാഹന പാർക്കിങ് സൗകര്യങ്ങൾ തയ്യാറാക്കി. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരികെ അതാത് കേന്ദ്രങ്ങളിൽ എത്തിക്കും.കേന്ദ്ര-സംസ്ഥാന സേനകളുടെ വിന്ന്യാസം, വെബ് കാസ്റ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയ ഒരുക്കങ്ങളും പൂര്‍ത്തിയായി. മാതൃകാപോളിങ് ബൂത്തുകള്‍, സ്ത്രീ സൗഹൃദ ബൂത്തുകള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളും വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്നു 


സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉള്‍പ്പെടെ 52,000 പുരുഷ- വനിതാ പൊലീസുകാരെ സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും നീതിപൂര്‍വകമായും നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശമനുസരിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഡിജിപി ടി.പി.സെന്‍കുമാര്‍ അറിയിച്ചു.