കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയെന്ന് കോടതി, 10 പേര്‍ കുറ്റക്കാര്‍
പ്രമാദമായ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയെന്ന് പ്രസ്താവിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.
കോട്ടയം: പ്രമാദമായ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയെന്ന് പ്രസ്താവിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.
പ്രബുദ്ധ കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ 10 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി 4 പേരെ കുറ്റവിമുക്തരാക്കി.
കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ കുറ്റക്കാരനാണ്. എന്നാല്‍ പിതാവ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു. ശിക്ഷാവിധി ശനിയാഴ്ച. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്‍റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള 4 പ്രതികളെ കോടതി വെറുതെ വിട്ടു.
ചാക്കോയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ വാട്‌സാപ്പ് സന്ദേശമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് കെവിനെ തട്ടികൊണ്ടുപോകാന്‍ ഷാനുവും സംഘവും യാത്ര തിരിച്ചതിന് ശേഷമാണ് ലഭിച്ചത്. അതിനാല്‍ ചാക്കോയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്ത് സംശയത്തിന്‍റെ ആനുകൂല്യം ചാക്കോയ്ക്ക് ലഭിച്ചത്.
വെറുതെ വിട്ട ചാക്കോ ഉള്‍പ്പെടെ 4 പ്രതികള്‍ക്കും കൃത്യത്തില്‍ നേരിട്ടുപങ്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി അംഗീകരിച്ചു
മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്‍റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു. നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
അതേസമയം കേസില്‍ 4 പേരെ വെറുതെവിട്ടത് ശരിയായില്ലെന്ന് കെവിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ, നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
രജിസ്റ്റര്‍ വിവാഹത്തിന്‍റെ രേഖകള്‍ പോലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പോലീസ് നിര്‍ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്‍റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്‍റെ സഹോദരന്‍ ഷാനുവും അച്ഛന് ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.
ദുരഭിമാനകൊല കേട്ടുകേള്‍വി മാത്രമായിരുന്ന മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു കെവിന്‍റെ കൊലപാതകം. കെവിന്‍, നീനു പ്രണയ വിവാഹത്തിന്‍റെ പേരില്‍ നീനുവിന്‍റെ വീട്ടുകാര്‍ക്കുള്ള ജാതീയമായ എതിര്‍പ്പാണ് അരുംകൊലയില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട കെവിന്‍ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.