`രാജവെമ്പാലയ്ക്കുപോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല`, കെ. സി. വേണുഗോപാല്‍
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍.
വയനാട്: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍.
രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെ. സി. വേണുഗോപാല്‍ പറഞ്ഞു. 'അമിത് ഷായ്ക്ക് വയനാടിന്‍റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ്‍ഗ്രസിനെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
സുപ്രീകോടതി റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളിയതോടെ മോദി പ്രതിക്കൂട്ടിലായി. റാഫേലില്‍ അഴിമതി നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഇടപാട് നടത്തിയതെന്നത് സുപ്രീംകോടതി ശരിവെച്ചെന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞു.
സഖ്യകക്ഷികള്‍ക്കു വേണ്ടി രാഹുല്‍ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുമ്പോള്‍ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ ഒരു സീറ്റില്‍ മത്സരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയില്ല, അമിത് ഷാ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പതാകകള്‍ ഉയര്‍ന്നതിനെ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പാക്കിസ്ഥാന് പരാമര്‍ശം.
നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു ഷായുടെ പരാമര്‍ശം.