ചവറ: കൊല്ലം ചവറയില്‍ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം സ്വദേശി ശ്യാമള ദേവി,  ചവറ മേയ്ക്കാട് സ്വദേശികളായ എയ്ഞ്ചലീന (46), അന്നമ്മ (47) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അന്‍പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 


കെ.എം.എം.എല്ലിന്‍റെ പ്രധാനപ്പെട്ട യൂണിറ്റില്‍ നിന്നും മിനറല്‍സ് ആന്‍ഡ്‌ സാന്‍ഡ് യൂണിറ്റിലേയ്ക്ക് ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. അപകടം നടന്ന സമയത്ത് കനാലില്‍ നീരൊഴുക്ക് കൂടുതലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജനബാഹുല്യം മൂലമാണ് പാലം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. 


പാലത്തിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത് കെ.എം.എം.എല്‍ ആയിരുന്നു. അപകടത്തില്‍ കെ.എം.എം.എല്ലിലെ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊല്ലത്തെ  വിവിധ ആശുപത്രികളിൽ  പ്രവേശിപ്പിച്ചു.