പ്രാരാബ്ധങ്ങളുടെ മണ്ണിൽ അധ്വാനത്തിന്റെയും പ്രതീക്ഷയുടെയും വിത്ത് വിതച്ചു നൂറു മേനി കൊയ്ത 2 പെൺകുട്ടികളെ പരിചയപ്പെടാം. ഹരിപ്രിയയും ശിവപ്രിയയും. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളകറ്റാൻ കൃഷിയിടത്തിലേക്കിറങ്ങിയ ഈ പെൺകുട്ടികളെ തേടി സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ പുരസ്‌കാരവും തിരുവനന്തപുരം കല്ലമ്പലത്തെ ഈ കൊച്ചു വീട്ടിലേക്കെത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിപ്രിയ ശിവപ്രിയ. ഒരാൾ 9ആം ക്ലാസ്സിലും മറ്റേ ആൾ പ്ലസ് വണ്ണിലും പഠിക്കുന്നു. ഈ കൊച്ചു കുട്ടികളുടെ ജീവിതം എത്ര വലിയവർക്കും പ്രചോദനവും മാതൃകയുമാണ്. 5 വർഷം മുമ്പ് ഗൾഫിൽ നിന്ന് പ്രാരാബ്ധങ്ങൾ മാത്രം കൈമുതലാക്കി നാട്ടിലെത്തിയ തിരുവനന്തപുരം കല്ലമ്പലം സ്വദേശി ജയപ്രസാദിന് ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിൽ ദൈവമായി അവതരിച്ചത് സ്വന്തം പെണ്മക്കൾ തന്നെയായിരുന്നു. 


Also Read: വഴിയാത്രക്കാരുടെ ദാഹമകറ്റുന്ന സാധു സുഗതനെ പരിചയപ്പെടാം


കുടുംബത്തിന്റെ പ്രാരാബ്ധങ്ങളകറ്റാൻ ഹരിപ്രിയയും ശിവപ്രിയയും മണ്ണിലേക്കിറങ്ങി. തൊടിയിൽ വാഴ, കപ്പ, ഇഞ്ചി, ചോളം തുടങ്ങിയ കൃഷികൾ വിളയിച്ചു. ജയപ്രസാദിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അയൽക്കാർ 80 സെന്റ് പുരയിടം പാട്ട തുക വാങ്ങാതെ കുട്ടികർഷകർക്ക് കൃഷിക്കായി നൽകി. പിന്നീട് കണ്ടത് ഈ കുട്ടിക്കർഷകരുടെ അധ്വാനത്തിന്റെ നൂറുമേനി വിളവായിരുന്നു.


 



സ്കൂൾവിട്ടെത്തിയാൽ ഹരിപ്രിയയേയും ശിവപ്രിയയേയും കാണണമെങ്കിൽ തൊടിയിലേക്കിറങ്ങണം. വിളകൾക്ക് വെള്ളമൊഴിച്ചും കള പറിച്ചും പരിപാലനവുമൊക്കെയായി കൊച്ചു മിടുക്കികൾ തിരക്കിലായിരിക്കും.  ഇതിനിടയിൽ തൊടിയിൽ നൂറ് മേനി വിളയിച്ചുകൊണ്ടിരിക്കുന്ന കുട്ടി കർഷകരെ തേടി സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്‌കാരവും എത്തിയിരിക്കുകയാണ്. പുരസ്‌കാരം കൂടുതൽ ഊർജം നൽകുന്നതായാണ് ഹരിപ്രിയയും ശിവപ്രിയയും പറയുന്നത്. 


Also Read: Viral Video: വലിപ്പം വിഷയമല്ല.. അബോധാവസ്ഥയിൽ കിടന്ന മത്സ്യത്തിന് ജീവനേകി ആമ..!


പഠനത്തിലും മിടുക്കികളാണ് ഈ സഹോദരിമാർ. സ്കൂളിൽ നിന്നും സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ നിന്നും മുൻപും നിരവധി പുരസ്കാരങ്ങൾ ഈ കൊച്ചുമിടുക്കികൾക്ക് പ്രോത്സാഹനമായി ലഭിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടി ചെറുപ്രായത്തിൽ മണ്ണിൽ അദ്ധ്വാനിക്കുന്ന മക്കളെ ചേർത്തുപിടിക്കുകയാണ് അച്ഛൻ ജയപ്രസാദും അമ്മ സജിതയും.


പഠിച്ചു വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുണ്ടെങ്കിലും കൃഷിയെ ഒരിക്കലും കൈവിടില്ലെന്നാണ് ഹരിപ്രിയയും ശിവപ്രിയയും പറയുന്നത്.  കുടുംബത്തിന് തണലാവാൻ ഈ കൊച്ചു മിടുക്കികൾ ചെയ്യുന്നത് തന്നെയാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. ജീവിത പ്രതിസന്ധികളിൽ തളർന്നുപോകുന്ന മനുഷ്യർ തീർച്ചയായും മാതൃകയാക്കണം ഇവരുടെ ഇച്ഛാശക്തി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.