ഏറെ പ്രയാസപെട്ടിട്ടാണെങ്കിലും കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി.കഴിഞ്ഞ ആറുദിവസമായി പൂച്ച പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറ്റില ഫാഷന്‍ മാര്‍ബിളിന് മുന്നിലായി റോഡില്‍ നിന്ന് നാല്‍പ്പതടി ഉയരത്തില്‍ മെട്രോ റെയിലിന്റെ തൂണിന് മുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച.ഇത്രയും ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്നു.


.രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്.
ക്രെയിന്‍ എത്തിച്ച് മെട്രോ തൂണിലേക്ക് കയറിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.വലവീശി പിടിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ച തൂണിനു മുകളില്‍ നിന്നും താഴേക്ക് ചാടി. നാട്ടുകാര്‍ താഴെ വിരിച്ച വലയിലാണ് പൂച്ചയുടെ ആ ചാട്ടം അവസാനിച്ചത്‌.അതെന്തായാലും പൂച്ചയുടെ രക്ഷപെടലിന്‍റെ ചാട്ടമായിരുന്നു.


എങ്ങനെയാണ് പൂച്ച ഇതിന്റെ മുകളില്‍ എത്തിയതെന്ന് ആര്‍ക്കുമറിയില്ല. ആറുദിവസം മുമ്പ് രാവിലെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പൂച്ചക്കുട്ടി എവിടെയാണെന്നുള്ള അന്വേഷണമാരംഭിച്ചത്.തൂണിനു മുകളില്‍ പൂച്ചക്കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സമീപത്തെ കട ഉടമകള്‍ അഗ്‌നിരക്ഷാസേനയെ വിളിച്ചു.എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സേന എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.


അതേസമയം മെട്രോ തൂണിന്റെ മുകളില്‍ കയറാനുള്ള സംവിധാനമില്ലാത്തതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് അഗ്നിശമനരക്ഷാസേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.എന്തായാലും നാട്ടുകാരും അഗ്നിശമനസേനയും ഒക്കെ ചേര്‍ന്ന് പരിശ്രമിച്ചപ്പോള്‍ പൂച്ചകുട്ടിയെ രക്ഷിക്കുന്നതിന് കഴിഞ്ഞു.