Kodakara hawala case: കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും
ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രന് നേരത്തെ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം ഉണ്ടായിരുന്നതിനാൽ സുരേന്ദ്രൻ ഹാജരായിരുന്നില്ല
തിരുവനന്തപുരം: കൊടകര കേസില്‍ (Kodakara hawala case) ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാവുക. ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രന് നേരത്തെ അന്വേഷണ സംഘം (Investigation team) നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം ഉണ്ടായിരുന്നതിനാൽ സുരേന്ദ്രൻ ഹാജരായിരുന്നില്ല.
കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമാണെന്ന് കെ സുരേന്ദ്രന്‍ (K Surendran) ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി സിപിഎമ്മിന് മനസിലായി. പിന്നിൽ കൊടി സുനിയെങ്കിൽ ബുദ്ധികേന്ദ്രം എകെജി സെന്ററായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് (Crime branch) സ്വമേധയാ കേസ് എടുത്തത്.
കേസ് കണ്ട് നെഞ്ചുവേദനയും കൊവിഡും അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. സാക്ഷി മൊഴി നൽകാനാണ് തനിക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA