Kodiyeri Balakrishnan : `ആശ്വാസ സാന്നിധ്യം മാഞ്ഞു പോയി; നഷ്ടമായത് ഒരു ജേഷ്ഠ സഹോദരനെ`; കോടിയേരിയെ അനുസ്മരിച്ച് മേഴ്സിക്കുട്ടിയമ്മ
എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു കോടിയേരി എന്നും മേഴ്സിക്കുട്ടിയമ്മ കുറിപ്പിൽ പറയുന്നുണ്ട്.
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ മന്ത്രി യും സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. കോടിയേരിയുടെ ആശ്വാസ സാന്നിധ്യം മാഞ്ഞു പോയിരിക്കുന്നുവെന്നും രോഗത്തിൻറെ കാഠിന്യം കൊണ്ട് പ്രതീക്ഷിച്ചതാണ് വിയോഗമെങ്കിലും ഇത്ര പെട്ടെന്ന് എന്നത് താങ്ങാവുന്നതിലും അപ്പുറം തന്നെയാണെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്‌ബുക്കിൽ കുറിച്ചു. എന്തും തുറന്നു പറയാൻ കഴിയുന്ന. ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു കോടിയേരി എന്നും മേഴ്സിക്കുട്ടിയമ്മ കുറിപ്പിൽ പറയുന്നുണ്ട്.
മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കോടിയേരിയുടെ ആശ്വാസ സാന്നിധ്യം മാഞ്ഞു പോയിരിക്കുന്നു. രോഗത്തിൻറെ കാഠിന്യം കൊണ്ട് പ്രതീക്ഷിച്ചതാണ് വിയോഗമെങ്കിലും ഇത്ര പെട്ടെന്ന് എന്നത് താങ്ങാവുന്നതിലും അപ്പുറം തന്നെ. ഞാനും തുളസിയും കണ്ണൂരിലേക്ക് പുറപ്പെടുകയാണ്. ഒരുപാട് ഓർമ്മകളുമായി.
വിദ്യാർഥിക്കാലം തൊട്ടുള്ള ബന്ധം... ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ ആദ്യമായി കോടിയേരിയെ കാണുമ്പോൾ കൊടിയേരിയുടെ പ്രതികരണം എനിക്ക് ഉള്ളിൽ ഒരു വേദന ഉണ്ടാക്കി. കൊടിയേരി പറഞ്ഞു അപ്രതീക്ഷിതമാണ് പരാജയം. എൻറെ ആരോഗ്യസ്ഥിതി മൂലം ഒരു ദിവസം പോലും എനിക്ക് അങ്ങോട്ട് വരാൻ കഴിഞ്ഞില്ല. റിസൾട്ട് വന്നപ്പോൾ എനിക്ക് വിളിക്കണം എന്നുണ്ടായിരുന്നു. എന്തു പറയാൻ എന്നതുകൊണ്ട് നേരിൽ കാണുമ്പോൾ സംസാരിക്കാമെന്ന് വച്ചു. ആ പ്രതികരണം എനിക്ക് ഏറെ ആശ്വാസകരമായിരുന്നു.
എന്തും തുറന്നു പറയാൻ കഴിയുന്ന. ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു എനിക്ക് കൊടിയേരി. ചെന്നൈയിലേക്ക് പോകുന്നതിനു ഒരാഴ്ചയ്ക്ക് മുമ്പ് ഞാൻ നേരിൽ കണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ കൊടിയേരി പറഞ്ഞു ഞാൻ നിങ്ങളുടെ ജില്ല കമ്മിറ്റിയിൽ ഒരു ദിവസം പങ്കെടുക്കാം. അപ്പോൾ എനിക്ക് അറിയുമായിരുന്നു അത് സാധ്യമല്ല എന്ന്. എങ്കിലും കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നു...
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ എയർ ആംബുലൻസ് കണ്ണൂരിൽ എത്തും. എം.വി.ജയരാജൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ മൃതദ്ദേഹം ഏറ്റുവാങ്ങും. 14 ഇടങ്ങളിൽ പ്രവർത്തകർക്കും നേതാക്കൾക്കും അന്ത്യാഭിവാദ്യമർപ്പിക്കാൻ സൗകര്യം ഒരുക്കും. കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കൾ കണ്ണൂരിലെത്തി. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം തലശേരിയിൽ എത്തിക്കും.
ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. മാടപ്പീടികയിലെ വസതിയിൽ നാളെ രാവിലെ 10 വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ എന്നിവിടങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.
നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഓഗസ്റ്റ് 28ന് ആണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങളാൽ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. വിഎസ് മന്ത്രിസഭയിൽ രണ്ടാമനായി 2006 ൽ ആഭ്യന്തര ടൂറിസം മന്ത്രി. 1953 നവംബർ 16ന് കോടിയേരിയിലായിരുന്നു ജനനം. സ്കൂൾ കാലം മുതൽ രാഷ്ട്രീയത്തിൽ സജീവം. കോടിയേരി ഓണിയൻ സ്കൂളിൽ തുടക്കം. മയ്യഴി കോളേജിലെ ആദ്യ യൂണിയൻ ചെയർമാൻ. 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. ആറുവർഷക്കാലം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 1980ല്‍ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ. പതിനേഴാം വയസ്സിൽ സിപിഎം അംഗത്വം. 1982 തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക്. 23 വർഷം തലശ്ശേരി എംഎൽഎ. 88 ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. 90 - 95 കാലത്ത് സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 2002 ൽ കേന്ദ്ര കമ്മിറ്റി അംഗമായി. 2008 പൊളിറ്റ് ബ്യൂറോ അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...