കണ്ണൂർ: കോടിയേരി ബാലകൃഷ്ണന് വിട നൽകാനൊരുങ്ങി കേരളം. കോടിയേരിയുടെ മൃതദേഹം രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശേരിയിൽ എത്തും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.
മാടപ്പീടികയിലെ വസതിയിൽ നാളെ രാവിലെ 10 വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ എന്നിവിടങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.
നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഓഗസ്റ്റ് 28ന് ആണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങളാൽ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. വിഎസ് മന്ത്രിസഭയിൽ രണ്ടാമനായി 2006 ൽ ആഭ്യന്തര ടൂറിസം മന്ത്രി. 1953 നവംബർ 16ന് കോടിയേരിയിലായിരുന്നു ജനനം. സ്കൂൾ കാലം മുതൽ രാഷ്ട്രീയത്തിൽ സജീവം. കോടിയേരി ഓണിയൻ സ്കൂളിൽ തുടക്കം. മയ്യഴി കോളേജിലെ ആദ്യ യൂണിയൻ ചെയർമാൻ. 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. ആറുവർഷക്കാലം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 1980ല്‍ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ. പതിനേഴാം വയസ്സിൽ സിപിഎം അംഗത്വം. 1982 തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക്. 23 വർഷം തലശ്ശേരി എംഎൽഎ. 88 ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. 90 - 95 കാലത്ത് സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 2002 ൽ കേന്ദ്ര കമ്മിറ്റി അംഗമായി. 2008 പൊളിറ്റ് ബ്യൂറോ അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...