തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന  സിപിഎം(CPM) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിനിടെ മകന്‍ ബിനോയ് കോടിയേരി (Binoy Kodiyeri) വിവാദം വീണ്ടും വാര്‍ത്തകളിലേക്ക് തിരികെ എത്തുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 നവംബര്‍ 13 ന് ആയിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ മാറിനില്‍ക്കല്‍ എന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി (Bineesh Kodiyeri) നാര്‍കോട്ടിക് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ആ മാറി നില്‍ക്കലിന് കാരണമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ പിന്നീട് തുറന്ന് പറഞ്ഞിരുന്നു.


Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ


നാര്‍കോട്ടിക് കേസില്‍ ബിനീഷ് പ്രതിയല്ലെന്ന് വ്യക്തമാക്കപ്പെട്ടപ്പോള്‍ തന്നെ കോടിയേരി, തിരികെ സെക്രട്ടസ്ഥാനത്തേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലം മുതലേ കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങുകയും ചെയ്തിരുന്നു.


കാര്യങ്ങള്‍ ഈ വിധം മുന്നോട്ട് പോകുമ്പോള്‍ ആണ് മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ യുവതി നല്‍കിയ കേസുമായി ബന്ധപ്പെട്ട മറ്റ് ചില വാര്‍ത്തകള്‍ പുറത്ത് വരുന്നത്. യുവതിയെ വിവാദ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് കേസ്. ഈ കേസില്‍ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിയായ യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2020 ഡിസംബര്‍ 9 ന് ആയിരുന്നു ഡിഎന്‍എ പരിശോധനാഫലം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പിച്ചിരുന്നത്. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കുന്നുണ്ട്.


Read Also: മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്ന് Kodiyeri Balakrishnan


കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തതോടെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ എ വിജയരാഘവന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കുകയായിരുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ സ്ഥിരം സെക്രട്ടറി ഉണ്ടാകുന്നതാണ് അഭികാമ്യം എന്ന നിലയിലും പാര്‍ട്ടിയ്ക്കുള്ളില്‍ നേരത്തേ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.