മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്ന് Kodiyeri Balakrishnan

പുള്ളിപ്പുലിയുടെ പുള്ളി മായാത്തതുപോലെ മാധ്യമങ്ങൾ ഇടതുപക്ഷത്തോടുള്ള വിരോധവും ഉപേക്ഷിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 09:38 PM IST
  • മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷം മാധ്യമവിമർശനത്തിലും പിന്നിലല്ല
  • ഇവിടുത്തെ ഒരു വലിയ വിഭാഗം മാധ്യമങ്ങൾ നടത്തുന്ന കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രവർത്തനത്തെ തുറന്നുകാട്ടാൻ ഒട്ടും വിട്ടുവീഴ്‌ച ചെയ്യില്ല
  • വലതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും ഇടതുപക്ഷ രാഷ്‌ട്രീയത്തെ ദുർബലമാക്കാനും വേണ്ടി മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു
  • അതിനുവേണ്ടി എന്തെല്ലാം കെട്ടുകഥകളും വ്യാജനിർമിതികളുമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു
മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്ന് Kodiyeri Balakrishnan

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly election) തോൽവിയിൽ നിന്നും പാഠം പഠിച്ച്‌ മാധ്യമങ്ങൾ ഇനിയെങ്കിലും ഇടതുപക്ഷ വിരുദ്ധ രാഷട്രീയം ഉപേക്ഷിക്കണമെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ കോടിയേരി ബാലകൃഷ്‌ണൻ. മാധ്യമങ്ങൾ ഇപ്പോഴും അന്ധമായ ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയം തുടരുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പിന് ശേഷമുള്ള നാലുമാസത്തെ അനുഭവം വ്യക്തമാക്കുന്നത്‌. പുള്ളിപ്പുലിയുടെ പുള്ളി മായാത്തതുപോലെ മാധ്യമങ്ങൾ (Media) ഇടതുപക്ഷത്തോടുള്ള വിരോധവും ഉപേക്ഷിക്കുന്നില്ലെന്ന് കോടിയേരി ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ അലക്കിവെളുപ്പിക്കാൻ നോക്കിയിട്ടും പിന്നിപ്പോയ പഴന്തുണിയായി മാറിയ നയതന്ത്ര സ്വർണകള്ളക്കടത്തിന്റെ പേരിൽ യുഡിഎഫ്‌ പ്രതിപക്ഷം നിയമസഭാ ബഹിഷ്‌കരണവും കോലാഹലവും നടത്തി. അതിന്‌ ഒരുവിഭാഗം മാധ്യമങ്ങൾ വലിയ പിന്തുണയേകി. നിയമസഭയ്‌ക്ക്‌ പുറത്ത്‌ യുഡിഎഫിന്റെ സ്വരത്തിൽ തന്നെയായിരുന്നു ബിജെപിയും. കഴമ്പില്ലാത്ത ആക്ഷേപങ്ങളുടെ പേരിൽ കോലാഹലം സൃഷ്ടിക്കുന്ന പ്രതിപക്ഷ നടപടിയുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണ്‌ മാധ്യമങ്ങൾ സത്യത്തോട്‌ കൂറുപുലർത്തുന്നതെങ്കിൽ ചെയ്യേണ്ടത്‌. അതുണ്ടായില്ലെന്നും കോടിയേരി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ഓഡിയോപതിപ്പ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിന്‌ കൈമാറി സംസാരിക്കുകയായിരുന്നു കോടിയേരി.

ALSO READ: Covid Vaccine: ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ കേരളത്തിൽ വാക്‌സിനേഷന്‍ രണ്ടര കോടി കഴിഞ്ഞു

മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷം മാധ്യമവിമർശനത്തിലും പിന്നിലല്ല. ഇവിടുത്തെ ഒരു വലിയ വിഭാഗം മാധ്യമങ്ങൾ നടത്തുന്ന കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രവർത്തനത്തെ തുറന്നുകാട്ടാൻ ഒട്ടും വിട്ടുവീഴ്‌ച ചെയ്യില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രമുഖ ടിവി, പത്രമാധ്യമങ്ങൾ ഉൾപ്പെടെ പിണറായി വിജയൻ സർക്കാരിന്‌ രണ്ടാംവട്ടം അധികാരം നൽകരുതെന്ന അജണ്ട തീവ്രതയോടെ നടപ്പാക്കുകയായിരുന്നു. ഇതൊരു ആക്ഷേപമല്ല, വസ്‌തുതയാണ്‌. വലതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും ഇടതുപക്ഷ രാഷ്‌ട്രീയത്തെ ദുർബലമാക്കാനും വേണ്ടി വലിയൊരു വിഭാഗം യാഥാസ്ഥിതിക–വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. അതിനുവേണ്ടി എന്തെല്ലാം കെട്ടുകഥകളും വ്യാജനിർമിതികളുമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

‘വ്യാജ ഒപ്പ്‌’ എന്ന നെടുങ്കൻ തലക്കെട്ടുമായി മുഖ്യമന്ത്രിക്കെതിരെ നമ്മുടെ മാധ്യമങ്ങൾ എത്ര കോളം മാറ്റിവച്ചു. ഇലക്‌ട്രോണിക്‌ യുഗത്തിൽ ഇ ഫയൽ വന്നതുപോലും വിസ്‌മരിച്ച്‌ വാർത്ത കൊടുത്തതിലൂടെ നഷ്ടപ്പെട്ടത് മാധ്യമവിശ്വാസ്യതയാണ്. കിഫ്ബി, ലൈഫ്, നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത്, ദുബായ് ഈന്തപ്പഴം തുടങ്ങിയതിനെയെല്ലാം മറയാക്കി എന്തെല്ലാം വ്യാജകഥകളാണ് പടച്ചുവിട്ടത്. കേരളത്തിലെ ഭരണാധികാരികൾ അറസ്റ്റിലാകാൻ പോകുന്നു എന്ന ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ചാനലുകളുണ്ട്. പക്ഷേ, വ്യാജവാർത്തകൾ കൊണ്ടാടിയ മാധ്യമങ്ങളെ തള്ളി പിണറായി വിജയൻ നയിച്ച എൽഡിഎഫ് സർക്കാരിനെയും എൽഡിഎഫിനെയും ജനങ്ങൾ സ്വീകരിച്ചു. ഇടതുപക്ഷത്തിനെതിരെ ജാതി-മതശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങൾ വിയർപ്പൊഴുക്കിയിരുന്നു. അതിനുവേണ്ടി ശരണംവിളിയും സ്ത്രീപ്രവേശവും വിശ്വാസവുമൊക്കെ സജീവ വിഷയങ്ങളാക്കാൻ ശ്രമിച്ചുവെന്നും കോടിയേരി ആരോപിച്ചു.

ALSO READ: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു

ഇന്ത്യ അഭിമുഖീകരിക്കുന്ന മതനിരപേക്ഷ വെല്ലുവിളിയും കർഷകസമരവുമൊക്കെ പിന്നാമ്പുറത്തേക്കാക്കാനും നോക്കി. എൽഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്ത ഭരണനേട്ടങ്ങൾ ഇകഴ്‌ത്താനും പൂഴ്‌ത്തിവയ്ക്കാനും പരിശ്രമിച്ചു. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ച് ജനങ്ങൾ എൽഡിഎഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് നൽകിയത്. പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ രണ്ടാം മന്ത്രിസഭ ഉണ്ടായതിലൂടെ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കില്ല എന്ന വിശ്വാസം അന്ധവിശ്വാസമായി മാറി. അന്ധവിശ്വാസം പ്രചരിപ്പിക്കാനിറങ്ങിയ മാധ്യമങ്ങൾക്ക് കനത്ത പ്രഹരമാണ് ജനം നൽകിയത്. മാധ്യമങ്ങൾ ഒപ്പമുണ്ടെങ്കിൽ ജയിച്ചുകയറാമെന്ന വലതുപക്ഷത്തിന്റെ സ്വപ്നവും തകർന്നു. ഈ സ്ഥിതി മനസ്സിലാക്കി നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ മാധ്യമങ്ങൾ ഇനിയെങ്കിലും അന്ധമായ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും കോടിയേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News