കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പോലീസിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളി നിറഞ്ഞ കേസാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ പൊന്നമറ്റം വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം വടകര എസ്പി ഓഫീസില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിജിപി പറഞ്ഞത്.  


കേസില്‍ തെളിവുകള്‍ കണ്ടെത്തുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും ഇതിന് കാരണം കൊലപാതകങ്ങള്‍ തമ്മിലുള്ള ഇടവേളയാണെന്നും അദ്ദേഹം പറഞ്ഞു.


കേസിലെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു കേസുകളേയും ആറു സംഘങ്ങള്‍ ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി മികച്ച ഫോറന്‍സിക് വിദഗ്ധരേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 


സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും അന്വേഷണമെന്നും ഡിജിപി പറഞ്ഞു. 


കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.


കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 


റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 


2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 


2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്.


ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.