മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. ബീഫിലും, ചിക്കനിലും എന്തിന് പരിപ്പ് കറിയിൽ വരെ പൊറോട്ട കൂട്ടിക്കഴിക്കുന്നവരാണ് നമ്മൾ. കഴിഞ്ഞ ദിവസം മധുരയിൽ നിന്നൊരു പൊറോട്ട വാർത്ത വന്നിരുന്നു. മാസ്കിന്റെ രൂപത്തിൽ നല്ല ചൂടൻ പൊറോട്ട വിൽക്കുന്ന ഒരു ഹോട്ടലിൻ്റെ ന്യൂസ് ആയിരുന്നു അത്. കൊറോണയെക്കുറിച്ചും, നാം കൈവരിക്കേണ്ട സുരക്ഷാമാനദണ്ഡനങ്ങളെക്കുറിച്ചും അവബോധം നൽകാനാണ് പുതിയൊരു ആശയവുമായി വന്നത് എന്നാണ് ഹോട്ടലിന്റെ ഉടമയായ കെ.എല്‍ കുമാർ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ മധുരയിൽ മാത്രമല്ല കേട്ടോ നമ്മുടെ കൊച്ചു കേരളത്തിലും ഇതേ മാസ്ക് പൊറോട്ട വിൽക്കുന്നൊരു സ്ഥലമുണ്ട്. കോഴിക്കോഡിലെ പ്രസിദ്ധമായ ആദാമിന്റെ ചായക്കടയിലാണ് ഈ വെറൈറ്റി പൊറോട്ട ലഭിക്കുന്നത്. മാസ്കിന്റെ രൂപത്തിൽ മാത്രമല്ല, മറിച്ച് ഗ്ലൗവ്സിന്റെ രൂപത്തിലും നിങ്ങൾക്കിവിടെ നിന്ന് പൊറോട്ട ലഭിക്കും.


Also Read: 'മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന് പരസ്യം' ബേക്കറി പൂട്ടി ലോക്കിട്ട് അധികൃതർ


ഭക്ഷണം കഴിക്കാനിരിക്കുന്ന ഒരാളെങ്കിലും ഇത് കണ്ട്, കൊറോണക്കാലത്ത് മാസ്കിനും ഗ്ലോവ്സിനും എത്ര പ്രാധാന്യമാണുള്ളത് എന്ന് മനസിലാക്കും എന്നാണ് ഹോട്ടലുടമകൾ പ്രതീക്ഷിക്കുന്നത്. മാസ്ക് പൊറോട്ടയ്ക്ക് ഇപ്പോൾ തന്നെ ആരാധകരേറെയാണ്. വൈകുന്നേരമാകുമ്പഴേക്കും നിരവധി പേരാണ് പൊറോട്ടയ്ക്കായി കടയിലെത്തുന്നത്. തങ്ങളുടെ മാസ്കുമായി പൊറോട്ടയെ താരതമ്യപ്പെടുത്തി നോക്കുന്നവരും കുറവല്ലെന്നാണ് ഹോട്ടലുടമ പറയുന്നത്.