തിരുവനന്തപുരം: KPCC പുന:സംഘടനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ജെ. കുര്യൻ


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനം വീതിക്കുന്നത് ശരിയല്ല എന്നും, ഗ്രൂപ്പിന് അതീതമായി കഴിവ് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണ് എന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ ഹൈക്കമാന്‍ഡ്‌ നിര്‍ദ്ദേശം പോലെ ഇരട്ട പദവി ഒഴിവാക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.


വെള്ളിയാഴ്ചയാണ് കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചത്. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്‌. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. 


അതേസമയം, വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വനിതകള്‍ മാത്രമാണ് പട്ടികയിലുള്ളത്. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി 10ന് പ്രഖ്യാപിച്ചേക്കും. 


പട്ടികയില്‍ എംഎല്‍എമാരെയോ എംപിമാരെയോ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.


എ, ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. 


ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ജംബോ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.
 
അതേസമയം, പുനഃസംഘടനയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പരിഗണന ഉറപ്പ് വരുത്തണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി. യുവാക്കളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സും സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കളെയും വനിതകളേയും ഭാരവാഹികളാക്കികൊണ്ട് സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനാണ് ഹൈക്കമാന്‍ഡ്‌ നീക്കം.