തിരുവനന്തപുരം: കെഎസ്ഇബിയിൽ തൊഴിലാളി യൂണിയനുകളുമായി കടുത്ത പ്രശ്നങ്ങൾ നിലനിൽക്കെ ചെയർമാനെ മാറ്റി സർക്കാർ. കെഎസ്ഇബി ചെയർമാൻ ആയിരുന്ന ബി അശോകിന് കൃഷി വകുപ്പ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. രാജൻ എൻ ഖോബ്രഗഡെ ആണ് കെഎസ്ഇബിയുടെ പുതിയ ചെയർമാൻ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് ഉത്തരവ് പുറത്തിറക്കിയത്. കെഎസ്ഇബിയിൽ നാളെ ഒരു വര്‍ഷം തികയ്ക്കാനിരിക്കെയാണ് അശോകിന് സ്ഥാനചലനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുമായും സർവ്വീസ് സംഘടനകളുമായും ബി അശോക് തർക്കത്തിലായിരുന്നു. ഇത് പലവട്ടം പ്രത്യക്ഷ സമരങ്ങളിലേക്ക് നയിച്ചിരുന്നു. സിപിഎം അനുകൂല സർവ്വീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ സമരങ്ങളുമായി രംഗത്തുണ്ടായിരുന്നു. യൂണിയൻ നേതാക്കൾക്കെതിരെ ചെയർമാൻ സ്വീകരിച്ച നടപടികളും സർക്കാരിനെ പ്രതിസന്ധിയിലാക്കിയ പരസ്യ പ്രതികരണങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 


Read Also: കെ.എസ്.ഇ.ബിയിൽ സമവായം ഇല്ല; അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി


മുൻ വൈദ്യുതി മന്ത്രി എംഎം മണിയും സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദനും പലതവണ ചെയർമാനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും സർക്കാർ വിഷയത്തിൽ ഇടപെട്ടില്ല. ബി അശോകിന് ഐഎഎസ് അസോസിയേഷന്റെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. സ്വാഭാവിക തീരുമാനം എന്നാണ് പുതിയ നിയമനങ്ങളെ കുറിച്ച് സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നത്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജൻ എൻ ഖോബ്രഗഡെയെ വൈദ്യുതി ബോർഡ് ചെയർമാൻ ആയി നിയമിക്കുമ്പോൾ മറ്റൊരു മാറ്റം കൂടി സംഭവിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിന് തുല്യമാക്കി. 


തൊഴിലാളി സംഘടനകളെ മുഖവിലയ്ക്കെടുക്കാതെ, ഏകപക്ഷീയമായ രീതിയിൽ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു എന്നതായിരുന്നു ബി അശോകിന്റെ ഭാഗത്ത് സംഭവിച്ച പിഴവ് എന്നാണ് പറയപ്പെടുന്നത്. തൊഴിലാളി സംഘടനകളെ ശത്രുപക്ഷത്ത് നിർത്തുന്ന രീതിയിൽ ആയിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ നീക്കങ്ങൾ. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയുമായി പുതിയ ചെയർമാൻ വരുമ്പോൾ കെഎസ്ഇബിയിൽ എന്ത് മാറ്റങ്ങളാകും ഉണ്ടാവുക എന്നാണ് അറിയേണ്ടത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.