തിരുവനന്തപുരം: കെ.എസ്.ആർ. ടി.സി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ഉത്തരവാദിത്വം സർക്കിനില്ലെന്ന് നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഒരു സർക്കാരിനും കെ.എസ്.ആർ. ടി.സിയുടെ ശമ്പളം മുഴുവനായി നൽകാനാവില്ല. പെൻഷൻ നൽകുന്നത് സർക്കാരാണ്. മാസം മുപ്പത് കോടിയോളം താൽക്കാലിക ആശ്വാസവും നൽകുന്നുണ്ട്. അതിനപ്പുറം ഒന്നും ചെയ്യാനാകില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ജനങ്ങളെ ബുദ്ധമുട്ടിച്ച് സമരം ചെയ്യുന്നതിനെയാണ് താൻ എതിർത്തതെന്നും യൂണിയനുകൾക്ക് അവരുടെതായ താൽപ്പര്യങ്ങൾ ഉണ്ടാകുമെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേ സമയം മന്ത്രി തുടർച്ചയായി ജീവനക്കാരെ അപമാനിക്കുകയാണെന്ന വികാരമാണ് ഭരണ പക്ഷ അനുകൂലസംഘടനകൾക്കുൾപ്പെടെയുള്ളത്. പണിമുടക്ക് നടത്തിയില്ലായിരുന്നെങ്കിൽ പത്താം തീയതി തന്നെ ശമ്പളം നൽകുമായിരുന്നു എന്ന മന്ത്രിയുടെ പ്രസ്താവന തന്നെ ഏറ്റവും വലിയ തൊഴിലാളി ദ്രോഹ നടപടിയാണെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. 


ALSO READ : സ്വപ്നപദ്ധിക്ക് വമ്പൻ സ്വീകരണം; കെ സ്വിഫ്റ്റ് ബസിന്‍റെ വരുമാനക്കണക്ക് പുറത്ത് വിട്ട് സർക്കാർ


അനിശ്ചിത കാല പണിമുടക്കിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ്. ഈ മാസം 19 ന് ചേരുന്ന ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സമരപരിപാടികൾക്ക് രൂപം നൽകും. ബി.എം.സ് ഉൾപ്പെടെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയും ടി.ഡി.എഫ് തേടും. 


ഈ മാസം ആറാം തീയതി നടത്തിയ സൂചനാ പണിമുടക്കിൽ ടി.ഡി.എഫിനും ബിഎംഎസിനും പിന്തുണയുമായി സിപിഐ അനുകൂല സംഘടനയും രംഗത്ത് എത്തിയിരുന്നു. സിപിഎം അനുകൂല സംഘടനയായ സിഐടിയുവും ശക്തമായ പ്രതിഷേധത്തിലാണ്. ശമ്പളം അനിശ്ചിതമായി വൈകിയാൽ പണിമുടക്കിലേക്ക് പോകാൻ തന്നെയാണ് ഭരണാനുകൂല സംഘടനയായ സിഐടിയുവിന്റെയും തീരുമാനം.


ALSO READ : അടുത്ത മാസം മുതല്‍ രാജ്യാന്തര നിലവാരമുള്ള ഡ്രൈവിംഗ് ലൈസന്‍സ് : മന്ത്രി ആന്റണി രാജു


ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്  കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് കഴിയാത്തത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്ന ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ശമ്പളം നൽകുന്നതിന് ആവശ്യമായ പണം ഇതുവരേയും കണ്ടെത്താൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടിസി എം.ഡി വിദേശത്തായതിനാൽ  ശമ്പളത്തിനാവശ്യമായ തുക കണ്ടെത്തുന്നതിനുളള കാര്യമായ ശ്രമങ്ങൾ നടക്കുന്നുമില്ല.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.