KSRTC Bus: ഇടുക്കിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ കയ്യേറ്റം; മൂന്ന് പേർ കസ്റ്റഡിയിൽ
ശാന്തൻപാറ പോലീസ് മൂന്ന് പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.
ഇടുക്കി: ആനയിറങ്കലിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ കൈയേറ്റം. ഓട്ടോയിൽ എത്തിയ സംഘം ആണ് ബസ് തടഞ്ഞു നിർത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെയാണ് ആനയിറങ്കൽ സ്വദേശി ചെല്ലദുരയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ആക്രമിച്ചത്.
വൈകിട്ട് 4.45ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് പൂപ്പാറ വെബ്കോ ജങ്ഷന് സമീപം എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും ചെല്ലദുര ചാടിയിറങ്ങി കൈ കാണിച്ചു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ ബസ് നിർത്തേണ്ടതില്ലെന്ന് കണ്ടക്ടർ ബാലാജി ഡ്രൈവർ എൽദോസിനോട് പറഞ്ഞു.
തുടർന്ന് ബസ് മൂന്നാറിലേക്ക് പോയെങ്കിലും ഓട്ടോയിൽ പിന്നാലെ എത്തിയ ചെല്ലദുരയും അൻസാറും കുമരെശനും ആനയിറങ്കല്ലിന് സമീപം ബസ് തടഞ്ഞു ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു. ഡ്രൈവർ എൽദോസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയിൽ ശാന്തൻപാറ പോലീസ് മൂന്ന് പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.