കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച്  വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ നീളും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐ എൻ ടി യു സി, ബി എം എസ്, എ ഐ ടി യു സി യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.  93 യുണിറ്റുകളിൽ നിന്നായി  പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനിക്കുന്നത്. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണെന്നതും സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ യാത്രാ പ്രതിസന്ധി രൂക്ഷമായേക്കും. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് കാര്യമായി ബാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയായിരുന്നു ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂർ പണിമുടക്കുമെന്നായിരുന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് വ്യാഴായ്ച നടന്ന ചർച്ചയിൽ കോർപറേഷൻ സി എം ഡി ബിജു പ്രഭാകർ വ്യക്തമാക്കിയത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന്  ആത്മാർത്ഥമായ ശ്രമമുണ്ടാകുന്നില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും  ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ  പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.


അതേസമയം പണിമുടക്കിനെ നേരിടാൻ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്മെന്‍റ്. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ  മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകുകയാണ് പ്രതിപക്ഷ യൂണിയനുകൾ. ഒരു മാസത്തെ ശമ്പള വിതരണം നടത്താൻ കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയായിരുന്നു. ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.