ഒറ്റ ബ്ലോക്കിലും പെടാതെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന്, കെ.എസ്.ആർ.ടി.സിയിൽ എത്തണോ?
നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്
കോഴിക്കോട്: പരമാവധി വേഗത്തിൽ നിങ്ങൾക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തണോ? സാധ്യമാണോ എന്നൊക്കെ ചോദിക്കും മുൻപ് ഇതൊന്ന് കേൾക്കണം.യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുകയാണ്.
കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ഫെബ്രുവരി രണ്ടാംവാരത്തോടെ സർവ്വീസ് ആരംഭിക്കുന്നത്. നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.
ബൈപ്പാസുകൾ വഴി മാത്രം ഒാടുന്നതിനാൽ കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ രണ്ട് മണിക്കൂറാണ് യാത്രാ സമയം ലാഭം. കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപ്പാസ് റൈഡർ സർവീസ് നടത്തുക.റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.
തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജഗ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർസ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകും.
വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാനാണ് തീരുമാനം. ബൈപാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപാസ് റൈഡർ യാത്രക്കാർക്കായി അവർഎത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കും. ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...