മാനേജ്മെന്‍റിന്‍റെ ഉറപ്പ് പാഴ്വാക്കായി;കെ.എസ് ആർ.ടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല, ശമ്പളം നാളെയോടെയെന്ന് ഗതാഗത മന്ത്രി.
വിഷുവിന് മുമ്പ് സർക്കാർ അനുവദിച്ച 30 കോടിക്ക് പുറമെ 50 കോടി കൂടി ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനം
തിരുവനന്തപുരം : മാർച്ച് മാസത്തെ ശമ്പളം ഇന്ന് നൽകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചിരുന്നത്. എന്നാൽ ഇന്നും ശമ്പളം നൽകാൻ കഴിയില്ലെന്നാണ് ഇപ്പോൾ മാനേജ്മെന്‍റിന്‍റെ നിലപാട്. പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണാൻ മാനേജ്മെന്റിന് നിർദേശം നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നാളെയോടെ ശമ്പളം നൽകാൻ കഴിയുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വിഷുവിന് മുമ്പ് സർക്കാർ അനുവദിച്ച 30 കോടിക്ക് പുറമെ 50 കോടി കൂടി ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനം. എന്നാൽ ഓവർ ഡ്രാഫ്റ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് ശമ്പള വിതരണം വൈകാൻ കാരണം. എന്തായാലും നാളെയോടെ ശമ്പള വിതരണം ആരംഭിക്കാൻ കഴിയിമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ആദ്യം ശമ്പളം നൽകുക. അടുത്ത ദിവസമാകും മറ്റ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെതുടർന്നാണ് മാർച്ച് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് കഴിയാത്തത്.വിഷുവിന് മുമ്പ് സർക്കാർ മുപ്പത് കോടി രൂപ അനുവദിച്ചെങ്കിലും ബാങ്ക് അവധി മൂലം തുക അക്കൗണ്ടിൽ എത്തിയിരുന്നില്ല.കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ ഓരോ ദിവസവും സമരം ശക്തമാക്കുകയാണ്.ഈ മാസം 28 ന് ഭരണാനുകൂല സംഘടനയായ സിഐടിയുവും മെയ് ആറിന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധസമരം തുടരുകയാണ്.ശമ്പളം നൽകുന്നത് നീണ്ടുപോയാൽ ഡ്യൂട്ടി ബഹിഷ്കരണമടക്കമുള്ള പ്രതിഷേധ പരിപാടികൾ സിപിഐ അനുകൂല സംഘട നയായ എഐറ്റിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 202 കോടി രൂപ സർക്കാർ കെ.എസ് ആർടിസിക്ക് അനുവദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ശമ്പള വിതരണത്തിനായി 30 കോടി കൂടി അനുവദിച്ചത്.
ആയിരം കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ കെ.എസ്.ആർ.ടിസിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 232 കോടി രൂപ കെ.എസ്.ആർ.ടി.സി കൈപ്പറ്റിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളിൽ ഗുരുതര പ്രതിസന്ധിയാകും കെ.എസ്.ആർ.ടി സിക്ക് നേരിടേണ്ടി വരിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...